ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു.ജി.സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക - എ.കെ.പി.സി.ടി.എ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യു.ജി.സി റഗുലേഷൻസ്- 2025 പിൻവലിക്കണമെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി. അശാസ്ത്രീയവും വിദ്യാഭ്യാസത്തിൻറെ വൈവിധ്യത്തെ ഇല്ലാതാക്കുന്നതുമായ നിർദ്ദേശങ്ങൾ യു.ജി.സി പിൻവലിക്കണം. ഇതിൽ നിന്ന് യു. ജി.സി യും കേന്ദ്ര സർക്കാരും പിന്തിരിയണമെന്നും, യു.ജി.സി റഗുലേഷൻസ് 2025 പിൻവലിക്കണമെന്നും എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ. നിശാന്ത്, ജനറൽ സെക്രട്ടറി ഡോ. ബിജുകുമാർ. കെ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർവകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെ തന്നെയും പാടേ ഇല്ലാതാക്കുന്ന തരത്തിലാണ് യു.ജി.സി പുതിയ മാർഗനിർദേശങ്ങളോടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈസ് ചാൻസലർ നിയമനം മുതൽ അധ്യാപക നിയമനത്തിൽ വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദേശങ്ങൾ ഉൾപ്പെടെ എല്ലാം തന്നെ സംസ്ഥാന സർക്കാറിന്റെ ധനസഹായത്തോടു കൂടി മാത്രം പ്രവർത്തിക്കുന്ന സർവകലാശാലകളുടെ ഭരണത്തിന് മേൽ കടന്നു കയറാനുള്ള കേന്ദ്രസർക്കാറിന്റെ കുറുക്കുവഴിയായി മാത്രമേ കാണാനാവൂ.
അധ്യാപകരുടെ സേവന- വേതന കാര്യങ്ങളിൽ കാലാകാലങ്ങളായി യു.ജി.സി റഗുലേഷനുകളിലൂടെ നടപ്പിലാക്കി വന്നിരുന്ന ഒട്ടുമിക്ക കാര്യങ്ങളിലും അശാസ്ത്രീയമായ രീതികളാണ് പുതിയ നിർദേശം പിന്തുടരുന്നത്. അസി. പ്രഫസർ നിയമനത്തിന്റെ അടിസ്ഥാന യോഗ്യത നെറ്റ് ആണെങ്കിലും പ്രമോഷനുകൾക്ക് പി.എച്ച്.ഡി നിർബന്ധമാകുന്ന സ്ഥിതിയാണ് പുതിയ നിർദേശത്തിൽ ഉള്ളത്. നിയമന കാര്യത്തിലും അധ്യാപകരുടെ പ്രൊമോഷൻ കാര്യത്തിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളെയും കരട് നിർദേശം ഇല്ലാതാക്കിയിരിക്കുകയാണ്.
ഭാവിയിൽ സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും പ്രോൽസാഹിപ്പിക്കുന്നതാണ് ഈ റഗുലേഷൻസ്. ബിരുദാനന്തര തലത്തിൽ പഠിച്ചതല്ലാത്ത വിഷയത്തിൽ ഗവേഷണം ചെയ്യുന്നയാൾക്ക് ആ വിഷയത്തിൽ അധ്യാപനം നടത്താൻ പറ്റുന്നതടക്കമുള്ള വ്യവസ്ഥകൾ വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർക്കും.
നിലവിൽ ഉള്ള അധ്യാപകരുടെ പ്രൊമോഷന് പ്രഫസർ റാങ്കിലുള്ള ആളുകൾ മാത്രമേ വിഷയ വിദഗ്ധരാകാവൂ എന്ന അങ്ങേയറ്റം അശാസ്ത്രീയമായവും അപ്രായോഗികവും ആയ നിർദ്ദേശവും പുതിയ കരട് റഗുലേഷൻസ് മുന്നോട്ടുവെക്കുന്നത്. ഈ രീതിയിൽ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസത്തെ കേവലം കേന്ദ്ര നിയമമാക്കി മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാരുകളുടെ എല്ലാ അധികാരങ്ങളെയും എടുത്തു കളയുന്ന തരത്തിലാണ് കരട് നിർദ്ദേശങ്ങൾ യു.ജി.സി മുന്നോട്ടുവെച്ചിട്ടുള്ളത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർവകലാശാലകളുടെ ഭരണകാര്യത്തിലോ സാമ്പത്തിക സഹായം നൽകുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത യുജിസി ഇത്തരം മാർഗനിർദേശങ്ങളിലൂടെ സർവകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നതിനും കേന്ദ്രീകൃതമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും എ.കെ.പി.സി.ടി.എ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.