തെരഞ്ഞെടുപ്പ് ഏകീകരണ നീക്കത്തിനു പിന്നിൽ ഗൂഢലക്ഷ്യം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ‘ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യത്തോടെ, രാജ്യത്തെ മുഴുവൻ നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളാണ് അതിനു പ്രേരണയെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
രാഷ്ട്ര ശിൽപികളോ ഭരണഘടനാ നിർമാണ സഭയോ ഭാവനയിൽ പോലും കാണാത്ത ഒരാശയമാണിത്. ഒറ്റത്തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അപ്രായോഗികവും അപ്രസക്തവുമാണ്. ജനാധിപത്യവും ഫെഡറലിസവും അട്ടിമറിക്കാനുള്ള സംഘ്പരിവാർ അജണ്ടയാണ് ധൃതിപിടിച്ചുള്ള ഇപ്പോഴത്തെ നീക്കത്തിന് കാരണം.
‘ഇന്ത്യ’ രാഷ്ട്രീയ കൂട്ടായ്മയുടെ വരവും പ്രതിപക്ഷ ഐക്യ മുന്നേറ്റവും ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പ് ഇല്ലാത്തതല്ല രാജ്യത്തിന്റെ പ്രശ്നം. വർഗീയതയും വെറുപ്പും വിദ്വേഷവും പടർത്തി, ജനക്ഷേമവും രാജ്യത്തിന്റെ സുരക്ഷയും മറന്ന ഹിന്ദുത്വ സർക്കാറിന്റെ പുതിയ നീക്കത്തെ മതേതര ജനാധിപത്യ ശക്തികളും വ്യക്തികളും ഒറ്റക്കെട്ടായി എതിർത്തു തോൽപിക്കണമെന്ന് ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.