അതിതീവ്ര ദേശീയത രാജ്യത്തെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: അതിതീവ്ര ദേശീയത രാജ്യത്തെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയതക്ക് അതിതീവ്രദേശീയതയുമായി ബന്ധമില്ല. ദേശീയ നമ്മുടെ നാടിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ളതാണെങ്കിൽ അതിതീവ്ര ദേശീയത രാജ്യത്തെ ഭിന്നിപ്പിക്കാൻ വേണ്ടിയാണെന്നും സതീശൻ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ ശത്രുവായി കണ്ടുള്ള ഫാഷിസത്തിന്‍റെ തിരിച്ചു വരവാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്‍റെ മുൻഗണനകളെ ചർച്ച ചെയ്യുന്നില്ല. പകരം വൈകാരിക വിഷയങ്ങൾ ചർച്ച ചെയ്യുകയാണ്. ഫാഷിസത്തിന്‍റെ കറുത്തനാളുകളെ ഓർമപ്പെടുത്തുകയാണ്.
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഗാന്ധിയെയും നെഹ്റുവിനെയും ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. മാപ്പ് എഴുതി കൊടുത്തവരെ പകരം വെക്കാനാണ് ശ്രമം നടക്കുന്നത്. ഇത് ചരിത്രത്തിന്‍റെ വിരോധാഭാസമാണ്.
മൂന്നു വർഷക്കാലം നീണ്ടുനിന്നതും നിരന്തര സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് രാജ്യത്തിന്‍റെ ഭരണഘടന. ആരും എഴുതി തന്നതോ ഏതെങ്കിലും ഭരണഘടന കോപ്പിയടിച്ചതോ അല്ല. ഉദാത്തമായ ആശയങ്ങളുടെയും ശ്രേഷ്ഠമായ ചിന്തയുടെയും പ്രതിഫലനമായിരുന്നു ഭരണഘടനാ നിർമാണ സമിതിയിൽ നടന്നത്.
സമ്പദ് വ്യവസ്ഥയുടെ പരിതാപകരമായ സ്ഥിതി, നാണയപ്പെരുപ്പം, കർഷകരുടെ ദുരിതപൂർണമായ അവസ്ഥ, ഇടത്തരം ചെറുകിട വ്യവസായ സംരംഭങ്ങൾ അടച്ചുപൂട്ടുന്നത് അടക്കമുള്ളവ രാജ്യം അഭിമുഖീകരിക്കുകയാണെന്നും ഇത് ചർച്ചയാകുന്നില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.