തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് ഉമ; എൽ.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് ജോ ജോസഫ്
text_fieldsകൊച്ചി: തൃക്കാക്കരയിൽ പോളിങ് പുരോഗമിക്കുമ്പോൾ ശുഭപ്രതീക്ഷയുമായി ഇടത് -വലത് സ്ഥാനാർഥികൾ. ഇരുവരും വോട്ട് രേഖപ്പെടുത്താൻ ഇറങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളോട് തങ്ങളുടെ പ്രതീക്ഷകൾ പങ്കുവെച്ചു.
തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ശുഭ പ്രതീക്ഷയുണ്ട്. പി.ടി.യുടെ അടുത്ത് പ്രാർഥിച്ചു. അപ്പക്ക് വേണ്ടിയാണ് നിൽക്കുന്നത്. എല്ലാവരുടെയും മനസിൽ സ്ഥാനമുണ്ടാകണം എന്നായിരുന്നു പ്രാർഥന.
എല്ലാവരുടെയും മനസിൽ പി.ടി.യുടെ അംഗീകാരം ഉണ്ടാകും. പ്രകൃതി പോലും അനുകൂലമാണ്. മഴയുണ്ടാകരുതെന്ന് പ്രാർഥിച്ചിരുന്നു. പ്രാർഥന വളരെ വലുതാണ്. ഫലം കാണും. കൂടെപ്രവർത്തിച്ചവരുടെ അധ്വാനത്തിന് ഫലം ഉണ്ടാകും. കലൂർ പള്ളിയിലും പാലാരിവട്ടം ക്ഷേത്രത്തിലും പ്രാർഥിച്ചാണ് വോട്ട് ചെയ്യാൻ ഇറങ്ങുകയെന്നും ഉമ പറഞ്ഞു
ജയിക്കുമെന്ന് 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫ്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എൻ.ഡി.എഫ് സെഞ്ച്വറി തികക്കും. തൃക്കാക്കരയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്റെ വികസനക്കുതിപ്പിന് ഒപ്പം എത്താൻ തൃക്കാക്കരയും ഒരുങ്ങിക്കഴിഞ്ഞു. ഭരണമുന്നണിയുടെ എം.എൽ.എയുണ്ടെങ്കിൽ മാത്രമേ വികസന പദ്ധതികൾ നടക്കൂവെന്നും പുതിയ പദ്ധതികൾ കൊണ്ടുവരാൻ സാധിക്കൂവെന്നും അവർക്കറിയാം. കോട്ടകൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തൃക്കാക്കരയിലും മാറ്റമുണ്ടാകും. കേരളം പ്രബുദ്ധമായ സമൂഹമാണ്. പ്രബുദ്ധമായ രാഷ്ട്രീയമാണ് കേരളത്തിൽ വേണ്ടത്. പോസിറ്റീവ് രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്നും ജോ ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.