ഉമ തോമസിന്‍റെ അപകടദൃശ്യങ്ങൾ പുറത്ത്; നിന്നുതിരിയാൻ ഇടമില്ലാത്ത വേദി, സുരക്ഷക്ക് കെട്ടിയത് റിബ്ബൺ -VIDEO
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് ഉമ തോമസ് എം.എൽ.എ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. നിന്നു തിരിയാൻ ഇടമില്ലാത്ത രീതിയിലാണ് ഉയരത്തിൽ വേദി ഒരുക്കിയത്. ഒരു റിബ്ബൺ മാത്രമാണ് സുരക്ഷക്കായി കെട്ടിയിട്ടുണ്ടായിരുന്നത്. ഉമ തോമസ് വേദിയിലുള്ളവരുമായി സംസാരിക്കുന്നതും മന്ത്രിയെ കണ്ട് വീണ്ടും എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെയാണ് താഴ്ചയിലേക്ക് വീഴുന്നത്. സിറ്റി പൊലീസ് കമീഷണർ പുട്ടവിമലാദിത്യ എം.എല്‍.എ വീഴാൻ പോകുമ്പോൾ പിടിക്കാൻ ശ്രമിക്കുന്നുണ്ട്.
ഏറെ അപകടരമായ രീതിയിലാണ് വേദി നിർമിച്ചതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. സ്റ്റേജ് ദുർബലമായി നിർമിച്ചതാണെന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് കോൺക്രീറ്റ് ഇഷ്ടികയ്ക്ക് മുകളിലാണ്. കൈവരികൾ സ്ഥാപിക്കാതിരുന്നത് അപകടത്തിന് കാരണമായി. കോൺക്രീറ്റ് കട്ടകൾ പൊടിഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെയെങ്കിൽ സ്റ്റേജ് തകരുമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. അശാസ്ത്രീയമായ നിർമാണമാണ് നടത്തിയതെന്നും പി.ഡബ്ള്യു.ഡി പൊലീസിനെ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുന്ന ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചത്. എം.എൽ.എ നിലവിൽ ആളുകളെ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. അതിനാൽ തലക്കേറ്റ പരിക്കിനെക്കുറിച്ച് തൽക്കാലം കൂടുതൽ ആശങ്കപ്പെടേണ്ടതില്ല. ശ്വാസകോശത്തിന്റെ ആരോഗ്യ സ്ഥിതിയിലും നേരിയ പുരോഗതിയുണ്ട്. വെൻറിലേറ്റർ സഹായം കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രോഗി സ്വയം ശ്വാസമെടുക്കാൻ പ്രാപ്‌തയാകുന്നതുവരെ വെൻറിലേറ്റർ സഹായം തുടരേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു സംഘാടകര്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്.
അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഘാടകരായ മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൂന്ന് പേരുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേർക്കും മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു. ഇവരോട് വ്യാഴാഴ്ച കീഴടങ്ങാന്‍ ഹൈകോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.