സുരക്ഷ ബാരിക്കേഡിന്റെ സ്ഥാനത്ത് റിബൺ; ഉമ തോമസിന്റെ അപകടത്തിന് ഇടയാക്കിയത് സ്റ്റേജ് നിർമാണത്തിലെ സുരക്ഷാവീഴ്ച
text_fieldsകൊച്ചി: ഉമ തോമസ് എം.എൽ.എയുടെ അപകടത്തിന് ഇടയാക്കിയത് സ്റ്റേജ് നിർമാണത്തിലെ സുരക്ഷാവീഴ്ച. വേദിയുടെ വശങ്ങളിൽ ബാരിക്കേഡിന് പകരം സ്ഥാപിച്ചത് റിബണായിരുന്നു. ഇതിൽ കൈപിടിച്ചതോടെയാണ് എം.എൽ.എ താഴേക്ക് പതിച്ചത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്ലെയേഴ്സ് എൻട്രിയുടെ മുകൾഭാഗത്താണ് വേദി ക്രമീകരിച്ചത്. കസേരകൾ ഇടുന്ന നിരക്ക് മുകളിൽ തട്ടടിച്ചാണ് സ്റ്റേജ് നിർമിച്ചത്. ഇത് 18 അടിയോളം ഉയരത്തിലായിരുന്നു. ഇതിലേക്കുള്ള നടപ്പാതയും വളരെ ചെറുതായിരുന്നു. ഉമ തോമസ് വേദിയിലെത്തി കസേരയിൽ ഇരുന്നശേഷം സദസ്സിലെ ആരെയോ കണ്ട് എണീറ്റ് നടക്കുന്നതിനിടെയാണ് അപകടം.
ബാലൻസ് തെറ്റാതിരിക്കാൻ കയറിപ്പിടിച്ചത് വശങ്ങളിലുള്ള റിബണിലാണ്. റിബണും നിലതെറ്റിയ എം.എൽ.എയും താഴേക്ക് വീഴുകയായിരുന്നു. ഉയരത്തിൽനിന്ന് വീണ എം.എൽ.എയുടെ തല കോൺക്രീറ്റ് തറയിലേക്കാണ് ഇടിച്ചത്. മന്ത്രിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത വേദിയായിട്ട് പോലും സുരക്ഷ വീഴ്ചയുണ്ടായത് ഗൗരവകരമാണെന്നാണ് വിമർശനം.
പരിപാടിയുടെ ഉദ്ഘാടനത്തിനുള്ള നിലവിളക്ക് കത്തിക്കാൻ സ്റ്റേജിന് പകരം സ്റ്റേഡിയത്തിൽ താഴെ ഭാഗമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഡയറക്ടർമാരായ ജനീഷ്, നികോഷ്, ഷമീർ എന്നിവർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, അതിന് അനുമതി ലഭിക്കാതിരുന്നതിനാലാണ് സ്റ്റേജിലേക്ക് മാറ്റിയത്. 54 അടി നീളവും 28 അടി വീതിയുമാണ് സ്റ്റേജിനുണ്ടായിരുന്നത്. വേദിയുടെ മുൻഭാഗത്തേക്ക് കസേരകൾ അടുപ്പിച്ചിട്ടതിന് കാരണം പിന്നിലൂടെ ആളുകൾക്ക് സൗകര്യപ്രദമായി നടക്കുന്നതിന് വേണ്ടിയാണെന്നും അവർ പറഞ്ഞു.
നൃത്തപരിപാടി നിർത്തിയില്ല
കൊച്ചി: ഉമ തോമസ് എം.എൽ.എക്ക് ഗുരുതര അപകടമുണ്ടായ ശേഷവും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നൃത്തപരിപാടി തുടർന്നു. സംഭവത്തിന് ദൃക്സാക്ഷികളായിരുന്നിട്ടും സംഘാടകർ വേദിയിൽ അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 12,000 നര്ത്തകരെ അണിനിരത്തിയുള്ള ഭരതനാട്യം പരിപാടി നടക്കുന്നതിനിടെയാണ് എം.എൽ.എ വീണത്. ഉടൻ ആശുപത്രിയിലെത്തിക്കാൻ സംഘാടകർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് പരിപാടിയെന്നതിനാൽ അത് തുടരുന്നതിനെ വിമർശിക്കുന്നില്ലെങ്കിലും ആഘോഷങ്ങൾക്ക് കുറവ് വരുത്താമായിരുന്നുവെന്നാണ് വിമർശനം. എന്നാൽ, ഗിന്നസ് റെക്കോഡിനുള്ള പരിപാടി മാത്രം നടത്തി പരിപാടി അവസാനിപ്പിക്കുകയാണുണ്ടായതെന്ന് സംഘാടകർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.