‘ഉമ ചേച്ചി പരസഹായത്തോടെ എഴുന്നേറ്റ് കസേരയിൽ ഇരുന്നു, എം.എൽ.എ ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്ന് നിർദേശിച്ചു’
text_fieldsകൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മെഗാ നൃത്ത പരിപാടിയുടെ ഉദ്ഘാടന വേദിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എ ആശുപത്രി കിടക്കയിൽനിന്ന് പരസഹായത്തോടെ എഴുന്നേറ്റ് കസേരയിൽ ഇരുന്നതായി അവരുടെ ഫേസ്ബുക് അഡ്മിൻ ടീം അറിയിച്ചു. അപകടം നടന്നിട്ട് ഇന്ന് പത്ത് ദിവസമാവുകയാണ്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവെക്കുകയാണെന്നും ശരീരമാസകലം കലശലായ വേദനയുണ്ടെന്നും അവർ അറിയിച്ചു. ഒരാഴ്ച കൂടി ഐ.സി.യു.വിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
‘ഇന്നലെ ചേച്ചി ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്.. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിയ്ക്കാൻ ആവശ്യപ്പെട്ടത്.. ഏകദേശം അഞ്ചുമിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് 'Coordinate Everything'.., തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും.. MLA യുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദേശിച്ചു.. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് നിർദ്ദേശം നൽകി ചേച്ചി..
വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് നൽകുന്നത്’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അതിനിടെ, നൃത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളും കേസിൽ മൂന്നാം പ്രതിയുമായ ഓസ്കർ ഇവന്റ് മാനേജ്മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷിനെ എറണാകുളം പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തൃശൂരിലെ ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ആയ ഉടൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് പാലാരിവട്ടത്തെത്തിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് സംഘാടകരിൽ പ്രധാനിയായ മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നിഗോഷ് കുമാർ (40) കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസിൽ കീഴടങ്ങിയിരുന്നു. അന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഹൈകോടതി നിർദേശപ്രകാരമാണ് നിഗോഷ് കുമാർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
നിഗോഷിനോടും ജനീഷിനോടും ഹൈകോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സ തേടുകയാണെന്നും കീഴടങ്ങാനാവില്ലെന്നും അന്ന് ജനീഷ് പൊലീസിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ആശുപത്രി വിട്ടതിനുപിന്നാലെ പൊലീസ് പിടികൂടിയത്. ഇതിനിടെ, നൃത്തപരിപാടിയിൽ പങ്കെടുത്ത നൃത്താധ്യാപകരെക്കുറിച്ചും മറ്റും അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.