മഹാരാജാസ് ഓർമകൾക്ക് മുന്നിൽ വിതുമ്പി ഉമ തോമസ്
text_fieldsകാക്കനാട്: പ്രചാരണത്തിരക്കുകൾക്കിടയിലും പണ്ട് യൂനിയൻ വൈസ് ചെയർമാൻ ആയിരുന്ന എറണാകുളം മഹാരാജാസ് കോളജിൽ സന്ദർശനം നടത്തി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. പി.ടി. തോമസിനെ ആദ്യമായി കണ്ടുമുട്ടിയത് മഹാരാജാസിൽ വെച്ചായിരുന്നു. മക്കളായ വിഷ്ണുവും വിവേകും മരുമകൾ ബിന്ദുവും കൂടെയുണ്ടായിരുന്നു. പി.ടിയുമൊത്ത് മുമ്പൊരിക്കൽ ചിത്രമെടുത്ത മഹാരാജാസിലെ ഗോവണിക്ക് മുന്നിലെത്തിയപ്പോൾ ഒരു നിമിഷം ഉമ വിതുമ്പി.
കോളജിൽ സംഗമത്തിനെത്തിയ പൂർവ വിദ്യാർഥികൾ ഓർമകൾ പങ്കുവെച്ച ഉമക്ക് ആശംസകൾ നേർന്നായിരുന്നു മടങ്ങിയത്. തുടർന്ന്, കടവന്ത്രയിലെ മാതാനഗർ പള്ളി, സെന്റ് സെബാസ്റ്റ്യൻ പള്ളി, പാലാരിവട്ടത്തെ പെന്തക്കോസ്ത് സിറ്റി റിവൈവൽ പള്ളി തുടങ്ങി മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു. പിന്നീട് കണ്ണൂർ ധർമടത്ത് നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമഗ്രികളുമായി വന്ന പ്രിയദർശിനി കലാ സാംസ്കാരിക വേദി പ്രവർത്തകരെ സന്ദർശിച്ച് അവരുടെ വാഹനം സ്വീകരിച്ചു.
തുടർന്ന് വൈറ്റില മണ്ഡലത്തിലെ വിവിധ കടകളും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. ആർ.സി റോഡ്, ചമ്പക്കര, വൈറ്റില എന്നിവിടങ്ങളിലും വോട്ടഭ്യർഥന നടത്തി. തുടർന്ന് എഴുത്തുകാരൻ ജോസഫ് വൈറ്റിലയെ സന്ദർശിച്ച് അനുഗ്രഹം തേടി. പിന്നീട് മഹിളാ മന്ദിരവും സെന്റ് ജോർജ് കോൺവന്റും കപ്പൂച്ചിൻ ആശ്രമവും സന്ദർശിച്ച് അന്തേവാസികളുമായി സമയം ചെലവഴിച്ചു.
അതിനുശേഷം തൃക്കാക്കര പൈപ്പ്ലൈൻ റോഡിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. കടവന്ത്ര ഈസ്റ്റിലും തൃക്കാക്കരയിലും നടന്ന യു.ഡി.വൈ.എഫ് കൺവെൻഷനിൽ പങ്കെടുത്തു. രാത്രി വൈകിയും തുടർന്ന പ്രചാരണത്തിനിടെ വിവാഹ വീടുകളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാനും സ്ഥാനാർഥി സമയം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.