ഉമ തോമസിന് പരിക്കേറ്റ സംഭവം; നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു സംഘാടകര്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് നടപടി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്.
അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൂന്ന് പേരുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേർക്കും മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു. ഇവരോട് വ്യാഴാഴ്ച്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, പരിപാടിയുടെ വേദി നിർമിച്ചത് അശാസ്ത്രീയമായിട്ടാണെന്നും അനുമതി വാങ്ങിയിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സിമൻറ് കട്ടകൾ ഉപയോഗിച്ചാണ് വേദി ഉറപ്പിച്ചത്. സ്റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ വഴിയില്ലാത്ത വിധമാണ് കസേരകൾ ക്രമീകരിച്ചത്. താൽക്കാലിക സ്റ്റേജ് നിർമിക്കാൻ കോർപറേഷന്റെയോ അഗ്നിരക്ഷാ സേനയുടെയോ അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് ബോധിപ്പിച്ചു. എന്നാൽ, കോടതി ഇവർക്ക് താൽക്കാലിക ജാമ്യം അനുവദിക്കുകയായിരുന്നു. ഇടക്കാല ജാമ്യം ലഭിച്ചവരടക്കം അഞ്ച് പേരെയാണ് പ്രതിചേർത്തിരിക്കുന്നത്.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനിടെയാണ് ഉമ തോമസിന് പരിക്കേറ്റത്. കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ച.
നിലവില്‍ വെന്റിലേറ്ററിലായ ഉമ തോമസ് ഗുരുതരാവസ്ഥയിൽ നിന്ന് മുക്തയല്ല. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂവെന്നും ഡോക്ടർ വ്യക്തമാക്കി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.