നന്ദിയോതി പിരിഞ്ഞ് ഉമ തോമസ്; സ്നേഹവിട ചൊല്ലി ആശുപത്രി...
text_fieldsകൊച്ചി: ‘‘ഡിസംബർ 29ന് അപകടമുണ്ടായ പരിപാടിക്കായി വീട്ടിൽനിന്ന് പോയതുപോലും എനിക്കോർമയില്ല. അതുകൊണ്ടുതന്നെ ഇതിന്റെ വേദനകളൊന്നും ഞാനനുഭവിച്ചിട്ടില്ല. ഓർമ വന്നതിനു ശേഷം ഡോക്ടറും കാക്കി വസ്ത്രമണിഞ്ഞ കുറെ സ്ത്രീകളും നിൽക്കുന്നതുകണ്ട് എന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു കിടത്തിയിരിക്കുകയാണെന്നാണ് ഞാൻ കരുതിയത്.
എനിക്ക് ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോൾ ട്യൂബിലൂടെ കിട്ടിക്കോളും എന്നാണ് പറഞ്ഞത്. ഓക്സിജനു വേണ്ടി ഒരു ഉപകരണം കുത്തിവെച്ചപ്പോൾ ഞാനവരോട് ചോദിച്ചു, നിങ്ങൾക്ക് വിവരമില്ലേ... അന്തരീക്ഷത്തിൽ ഓക്സിജനും കാർബൺ ഡയോക്സൈഡുമൊക്കെയുണ്ടല്ലോ...’’ കലൂർ സ്റ്റേഡിയം അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞപ്പോഴുണ്ടായ അനുഭവങ്ങൾ ചിരിയോടെ ഉമ തോമസ് എം.എൽ.എ പറഞ്ഞപ്പോൾ കേട്ടുനിന്നവരിലും ചിരി പടർന്നു.
46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ഒരുക്കിയ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് താൻ വലിയൊരപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെയും ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെയും അനുഭവങ്ങൾ നർമത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ചത്.
തന്നെ പരിചരിച്ച ആശുപത്രി അധികൃതർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ജീവനക്കാർ, പാർട്ടി പ്രവർത്തകർ, തനിക്കുവേണ്ടി പ്രാർഥിച്ചവർ, മാധ്യമപ്രവർത്തകർ എന്നിവർക്കെല്ലാം ഉമ തോമസ് ഹൃദ്യമായി നന്ദി പറഞ്ഞു.
ഒരുപക്ഷേ, പി.ടി. തോമസ് ദൈവത്തോടൊപ്പം ചേർന്നുനിന്ന് തന്നെ കൈവെള്ളയിലെടുത്ത് കാത്തതായിരിക്കും, അതുകൊണ്ടാവാം അത്രയും വലിയ ഉയരത്തിൽനിന്ന് വീണിട്ടും പരിക്കുകളോടെ താൻ ബാക്കിയായതെന്നും എം.എൽ.എ പറഞ്ഞു.
ഡോക്ടർമാർ ഉപഹാരങ്ങൾ എം.എൽ.എക്ക് സമ്മാനിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ആശുപത്രി സി.ഇ.ഒ ആൻഡ് എം.ഡി കൃഷ്ണദാസ് പോളക്കുളത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.