കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് ഉമാ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്
text_fieldsകൊച്ചി: കലൂർ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് താഴേക്ക് വീണ ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്. തലക്കും ശ്വാസകോശത്തിനും പരിക്കേറ്റ തൃക്കാക്കര എം.എൽ.എയുടെ നില ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിനും മുഖത്തും ചെറിയ പൊട്ടലുകളുണ്ട്. പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിലാണ്. വാരിയെല്ലിലെ പൊട്ടൽമൂലം ശ്വാസകോശത്തിലേക്ക് രക്തസ്രാവമുണ്ടായിട്ടുണ്ട്. രക്തം കട്ടപിടിച്ച നിലയിലാണ്. അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമില്ലെങ്കിലും അപകടനില തരണം ചെയ്തെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
24 മണിക്കൂറിനുശേഷം മാത്രമേ തുടർചികിത്സകൾ സാധ്യമാകൂവെന്നാണ് അധികൃതർ അറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ബോധമുണ്ടായിരുന്നെങ്കിലും പിന്നീട് അബോധാവസ്ഥയിലായി. തലച്ചോറിന് പരിക്കുള്ളതായാണ് സി.ടി സ്കാനിങ്ങിൽ കണ്ടെത്തിയത്.
മൃദംഗ വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉടനെയാണ് വി.ഐ.പി ഗാലറിയിൽനിന്ന് എം.എൽ.എ 20 അടിയോളം താഴേക്ക് വീണത്.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കോൺക്രീറ്റ് പാളിയിലേക്കാണ് തലയടിച്ച് വീണത്. തല പൊട്ടി രക്തപ്രവാഹമുണ്ടായിരുന്നു. മൂക്കിലൂടെയും രക്തം വന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന ഡോക്ടറും മറ്റും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന ഗാലറിയുടെ ആദ്യനിരയിൽ തയാറാക്കിയ സ്റ്റേജിലാണ് വി.ഐ.പി ലോഞ്ച് ഒരുക്കിയത്. ഗാലറിയിൽ നിലവിലുള്ള കസേരകൾക്ക് മുകളിൽ തട്ടടിച്ചാണ് സ്റ്റേജ് ഒരുക്കിയത്. എം.എൽ.എ താഴത്തുനിന്ന് നടന്നുകയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തിയശേഷം വിശിഷ്ഠാതിഥികളെ അഭിവാദ്യം ചെയ്ത് നടന്നുനീങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വീണത്. ബാരിക്കേഡിന് പകരം കെട്ടിയിരുന്ന റിബണിൽ പിടിക്കവേ കമ്പിയടക്കം താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓക്സിജൻ നൽകിയാണ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്.
ഓര്‍ത്തോ, ഇ.എന്‍.ടി, ന്യൂറോ വിഭാഗം ഡോക്ടർമാരെത്തി അടിയന്തര പരിശോധനക്ക് വിധേയയാക്കുകയും സി.ടി സ്കാനും എക്സ്റേയുമടക്കം എടുത്ത് പരിശോധിക്കുകയും ചെയ്തു. അപകടത്തിന് ശേഷം പരിപാടി തുടര്‍ന്നിരുന്നെങ്കിലും കുറച്ച് സമയത്തിനുശേഷം പരിപാടി പൂര്‍ത്തിയാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മന്ത്രി സജി ചെറിയാനും എ.ഡി.ജി.പി ശ്രീജിത്തും രാഷ്ട്രീയ നേതാക്കളുമടക്കം ആശുപത്രിയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.