അപകടത്തിന് ശേഷം പലരുടെയും സമീപനം സങ്കടമുണ്ടാക്കിയെന്ന് ഉമ തോമസ്; ‘സാംസ്കാരിക മന്ത്രിക്ക് സംസ്കാരം ഇല്ലാതെ പോയോ എന്ന് സംശയം തോന്നി’
text_fieldsകൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കായുള്ള സ്റ്റേജ് നിർമാണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഉമ തോമസ് എം.എൽ.എ. കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നത് പോലെയാണ് പരിപാടിക്ക് സ്റ്റേജ് ഉണ്ടാക്കിയതെന്നും ഉമ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ജി.സി.ഡി.എക്കും പൊലീസിനും ക്ലീൻ ചിറ്റ് നൽകിയത് തെറ്റായ നടപടിയാണ്. കുഴപ്പം സംഘാടകരുടെ മാത്രമാക്കാനാണ് ശ്രമം. കരാർ ഉൾപ്പെടെയുള്ളവ പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. താൻ വീണതു കൊണ്ട് അപാകത പുറംലോകം അറിഞ്ഞു. വേദിയിലെത്തിയ വി.ഐ.പികൾക്ക് പൂവ് നൽകാനെത്തിയ കുട്ടികൾക്കായിരുന്നു അപകടം സംഭവിച്ചതെങ്കിലോ എന്നും ഉമ ചോദിച്ചു.
തന്‍റെ അപകടത്തിൽ ശേഷം പലരുടെയും സമീപനം സങ്കടമുണ്ടാക്കി. അപകടം നടന്നപ്പോൾ സാംസ്കാരിക വകുപ്പ് മന്ത്രി സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, സംസ്കാരം അദ്ദേഹത്തിന് ഇല്ലാതെ പോലെ എന്ന് സംശയം തോന്നി. പരിപാടിക്കിടെ അപകടമുണ്ടായപ്പോൾ അതാത് സീറ്റിൽ ഇരുന്ന് ഉദ്ഘാടനം ചെയ്തത് ശരിയായില്ല. അപകടം സീരിയസില്ലെന്ന് പലരും കരുതിക്കാണും. എന്ത് സംഭവിച്ചുവെന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ അന്വേഷിച്ച് പോലുമില്ല.
ഒരു വിഷയത്തെ ചൂണ്ടിക്കാട്ടാനാണ് താൻ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ സന്ദർശനത്തെ സ്നേഹത്തോടെ ഓർക്കുന്നു. വീണ ഒരാളെ സന്ദർശിക്കുക എന്നത് നാടിന്‍റെ നേതാവിന്‍റെ ഐഡന്‍റിറ്റിയാണെന്നും ഉമ തോമസ് വ്യക്തമാക്കി.
പരിപാടിക്ക് നേതൃത്വം കൊടുത്ത നടി ദിവ്യ ഉണ്ണി ഖേദപ്രകടനത്തിന് പോലും തയാറായില്ല. മഞ്ജുവാര്യരോട് ഇക്കാര്യം പറഞ്ഞതിന് ശേഷമാണ് ദിവ്യ വിളിച്ചത്. ദിവ്യ പോലുള്ളവർ സാമൂഹിക ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നും ചാനൽ അഭിമുഖത്തിൽ ഉമ തോമസ് ചൂണ്ടിക്കാട്ടി.
ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമ തോമസ് എം.എൽ.എ പത്തടിയിലധികം ഉയരമുള്ള വേദിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല അടക്കം ശരീരഭാഗങ്ങൾക്ക് ഗുരുതര പരിക്കേറ്റ എം.എൽ.എയെ പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് വിദഗ്ധ ചികിത്സ നൽകിയത്.
46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 13നാണ് ഉമ തോമസ് വീട്ടിലേക്ക് മടങ്ങിയത്. പി.ടി. തോമസ് ദൈവത്തോടൊപ്പം ചേർന്നു നിന്ന് തന്നെ കൈവെള്ളയിലെടുത്ത് കാത്തതായിരിക്കും, അതുകൊണ്ടാവാം അത്രയും വലിയ ഉയരത്തിൽ നിന്ന് വീണിട്ടും പരിക്കുകളോടെ താൻ ബാക്കിയായതെന്നാണ് ഉമ തോമസ് അപകടത്തെ കുറിച്ച് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.