ഗാന്ധിയൻ ആദർശങ്ങളുടെ ആഴം യുവതലമുറ തിരിച്ചറിയണമെന്ന് ഉമ തോമസ്
text_fieldsകൊച്ചി: ഗാന്ധിയൻ ആദർശങ്ങളുടെ ആഴം മനസിലാക്കാൻ യുവതലമുറയ്ക്ക് കഴിയണമെന്ന് ഉമ തോമസ് എം.എൽ.എ. ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സമകാലിക വ്യവസ്ഥിതി ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി വർധിപ്പിക്കുകയാണ്. നാളത്തെ ഇന്ത്യയെ നയിക്കേണ്ട യുവതലമുറ ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കണം. മത, ജാതി, വർഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരെയും ചേർത്തു നിർത്തിയാണ് മുന്നേറേണ്ടത്. ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്തവരെയും സൗഭാഗ്യങ്ങൾ അനുഭവിക്കാൻ കഴിയാത്തവരെയും ഒപ്പം നിർത്തണമെന്നും അവർ പറഞ്ഞു.
പോലീസ് സേനയിലെ സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ 2022 ലെ പോലീസ് മെഡൽ നേടിയ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, എം.ജി. യൂനിവേഴ്സിറ്റി ഭരതനാട്യം ബി.എ. ബിരുദ കോഴ്സിൽ ഏഴാം റാങ്ക് നേടിയ ശാലു കെ. ശശീന്ദ്രൻ, കൊച്ചിയിൽ നിന്നും കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത മാമല സ്വദേശി രാഹുൽ രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിബിഎസ് ഇ പത്താം ക്ലാസ്, പ്ലസ്ടു വിജയികൾക്കുള്ള പുരസ്കാരങ്ങളും എം.എൽ.എ വിതരണം ചെയ്തു.
തിരുവാങ്കുളം നഗരസഭ സോണല്‍ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ഐഎംജി ഫാക്കൽറ്റി അംഗം പി.പി. അജിമോൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.