കൊച്ചിയിലെ സമരവേദിയിൽ പ്രത്യക്ഷപ്പെട്ട് പി.ടിയുടെ ഭാര്യ ഉമ
text_fieldsകൊച്ചി: ആക്രമണത്തിനിരയായ നടിയുടെ കേസ് അട്ടിമറിക്കുന്നതിനെതിരായ സമരവേദിയിൽ പ്രത്യക്ഷപ്പെട്ട് അന്തരിച്ച പി.ടി. തോമസ് എം.എൽ.എയുടെ ഭാര്യ ഉമ തോമസ്.
ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കേണ്ട കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ ഉമ ആദ്യമായി പൊതുവേദിയിലെത്തിയത് 'തൃക്കാക്കര ചർച്ച' കൂടുതൽ സജീവമാക്കി.
നടിയെ ആക്രമിച്ച സംഭവത്തില് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് ഫ്രൻഡ്സ് ഓഫ് പി.ടി ആൻഡ് നേച്വർ സംഘടന നടത്തിയ സത്യഗ്രഹ വേദിയിലാണ് ഉമ എത്തിയത്. എറണാകുളം ഗാന്ധി സ്ക്വയറിൽ നടൻ രവീന്ദ്രനാണ് സത്യഗ്രഹം നടത്തിയത്.
ഇപ്പോൾ ഇത്തരമൊരു സമരം അണിയറയിൽ ആസൂത്രണം ചെയ്തത് കോൺഗ്രസ് നേതൃത്വമാണ്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഉമയെ കൂടുതൽ സുപരിചിതയാക്കുകയെന്ന ലക്ഷ്യമാണ് പാർട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, പരിസ്ഥിതി, സ്ത്രീ വിഷയങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കുന്ന പി.ടിയുടെ പ്രതിരൂപമാക്കി ഉമയെ സമൂഹത്തിൽ അവതരിപ്പിക്കാൻ കഴിയുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. നടിയെ ആക്രമിച്ച കേസിൽ പി.ടി. തോമസാണ് പ്രധാന സാക്ഷി.
അഡ്വ. എ. ജയശങ്കർ ഉദ്ഘാടകനായ ചടങ്ങിൽ സംസാരിച്ച ഉമ നടി ആക്രമണ കേസ് പുരോഗമിക്കവെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന രാഷ്ട്രീയ ആരോപണമാണ് ഉന്നയിച്ചത്. പൊതുവേദിയിലെ സാന്നിധ്യം ഉമയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ ബലപ്പെടുത്തുന്നതാണെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്ഡാണെന്നായിരുന്നു ഉമയുടെ പ്രതികരണം. സ്ഥാനാർഥി ആയാലും അല്ലെങ്കിലും കൃത്യസമയത്ത് മാധ്യമങ്ങളെ അറിയിക്കാമെന്നും അവർ പ്രതികരിച്ചു.
ഉമ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ എറണാകുളം ടൗൺ ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കം പങ്കെടുക്കുന്ന ജില്ല കോൺഗ്രസ് നേതൃയോഗം നടക്കുകയായിരുന്നു. ആരെയും സ്ഥാനാർഥിയായി തീരുമാനിച്ചിട്ടില്ലെന്നായിരുന്നു സതീശന്റെ മറുപടി. അർഹരായ പലരുടെയും പേരുകൾ പരിഗണനയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും സുധാകരനും സതീശനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.