ഉമർഫൈസിയുടെ പ്രകോപനപ്രസംഗം; മിണ്ടാതെ സമസ്ത
text_fieldsമലപ്പുറം: സമസ്ത പണ്ഡിതസഭാംഗം ഉമ്മർഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങളെ അവഹേളിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സമസ്ത നേതൃത്വത്തിന് മൗനം. പ്രധാനപ്പെട്ട നേതാക്കളാരും ഉമർഫൈസിയുടെ പരസ്യ പ്രസ്താവനക്കെതിരെ രംഗത്ത് വന്നില്ല. അതേ സമയം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ആണ് ഈ വിഷയത്തിൽ പ്രതികരിച്ചത്. പാണക്കാട് സാദിഖലി തങ്ങളെ ഖാദിയായി സ്വീകരിക്കുന്ന മഹല്ലുകളെയും ജനങ്ങളെയും അവഹേളിക്കുകയാണ് മുക്കം ഉമ്മർ ഫൈസിയെന്ന് എസ്. വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
പാണക്കാട് കുടുംബത്തെ ഖാദിയാക്കുന്നത് അതത് മഹല്ലുകളിലെ ഭാരവാഹികളും പണ്ഡിതൻമാരും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഖാദിമാർക്ക് വലിയ അധികാരങ്ങളില്ല. ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്ന സംവിധാനമാണിത്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തെ പരസ്യമായി അവഹേളിക്കുന്നത് ശരിയല്ല. ഇതിനെതിരെ സമസ്ത പണ്ഡിതൻമാർ തീരുമാനമെടുക്കും. സമസ്തയുടെ ജോയിൻറ് സെക്രട്ടറിയാണ് ഉമർഫൈസി. ജനറൽ സെക്രട്ടറിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ചിതറിക്കിടക്കുന്ന മഹല്ലുകളെ നല്ല നിലയിൽ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിനാണ് ഖാസി ഫൗണ്ടേഷൻ രൂപവത്കരിച്ചത്. ഹൈദരലി തങ്ങളുടെ കാലത്ത് തന്നെ അതിന് ആലോചന നടന്നതാണ്. അബ്ദുസമദ് പൂക്കോട്ടൂർ മാധ്യമങ്ങുളോട് പ്രതികരിച്ചു. പാണക്കാട് സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു സമസ്തമുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം. ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്.
ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്. ഇതിനൊക്കെ ഒരു നിയമമില്ലെ. അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തിൽ ഒരു കാര്യം പറഞ്ഞു. അത് കേൾക്കാൻ തയാറായില്ല.സമസ്ത പറഞ്ഞാൽ കേൾക്കണ്ടെ. പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളിൽ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടിയുണ്ടാക്കുകയാണ്. ഖാദി ഫൗണ്ടേഷൻ എന്തിനാണ്? ഇതിന്റെ അർഥമെന്താണ്. ഇത് നമുക്ക് തിരിയും.
അത്തരം പ്രശ്നങ്ങൾക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കിൽ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയിൽ ആയുധങ്ങൾ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങൾക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്കും നല്ലതാണ്. എടവണ്ണപ്പാറയിൽ നടന്ന ഗ്രാൻഡ് മൗലിദ് കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു ഉമർഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം.
ലോക് സഭ തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കം പൊളിഞ്ഞതോടെ കെട്ടടങ്ങിയ ലീഗ്-സമസ്ത തർക്കത്തിന് വീണ്ടും തിരികൊളുത്തിയിരിക്കയാണ് സമസ്ത മുശാവറ അംഗം ഉമർഫൈസി മുക്കത്തിന്റെ പ്രസംഗം. പാണക്കാട് സാദിഖലി തങ്ങളുടെ ഖാദി പദവിയെ പരസ്യമായി അവഹേളിച്ചുകൊണ്ടാണ് ഉമർഫൈസിയുടെ പുതിയ നീക്കം. നേതൃത്വം ഉമർഫൈസിയെ തിരുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമസ്ത-ലീഗ് ബന്ധത്തിന് വലിയ വിള്ളലിന് കാരണമാവുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയ നേതാക്കൾ ഉമർഫൈസിയുടെ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണം നടത്തി. പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാൻ മാത്രം അവരാരും വളർന്നു എന്ന് അഭിപ്രായം ഞങ്ങൾക്ക് ആർക്കും ഇല്ല എന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പ്രശ്നങ്ങൾ എന്നും ലൈവായി നിർത്തി കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് അവർ എന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കോ ഓർഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി) വിഷയത്തിൽ സമസ്തയിലെ ഭിന്നത പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഉമർഫൈസി പാണക്കാട് തങ്ങളെ നേരിട്ട് ആക്രമിച്ചിരിക്കുന്നത്. സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയാണ് സാദിഖലി തങ്ങൾ. സി.ഐ.സി വിഷയത്തിൽ അബ്ദുൽ ഹഖീം ഫൈസി ആദൃശ്ശേരിയെ അനുകൂലിക്കുന്ന നിലപാടാണ് സാദിഖലി തങ്ങളുടേത്. പുതിയ കാലഘട്ടത്തിൽ മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയത്തിന് സാങ്കേതികവിദ്യകളും പുതിയ സമീപനങ്ങളും ആവിഷ്കരിക്കുന്നതാണ് സി.ഐ.സി. സമസ്തയിലെ ഒരു വിഭാഗം ഇതിനെ എതിർക്കുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് സി.ഐ.സി സ്ഥാപകൻ അബ്ദുൽ ഹഖീം ഫൈസി ആദൃശ്ശേരിയെ തൽക്കാലം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കഴിഞ്ഞ മാസം അദ്ദേഹത്തെ തിരിച്ചെടുത്തു. സാദിഖലി തങ്ങളാണ് സി.ഐ.സി പ്രസിഡന്റ്. ഈ വിഷയത്തിൽ ഭിന്നത പൂർണമായും പരിഹരിക്കാൻ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഉമർഫൈസി വിവാദ പ്രസംഗവുമായി രംഗത്ത് വന്നത്. ഇത് സമസ്തയിലെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സമസ്‍ത വൃത്തങ്ങൾ ‘മാധ്യമ’ത്തോടു പറഞ്ഞു. ഉമർഫൈസി മുക്കം നേരത്തെയും ലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും പരസ്യവിയോജിപ്പുമായി രംഗത്ത് വരാറുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലടക്കം സി.പി.എം വേദികളിൽ സ്ഥിരം സാന്നിധ്യമാണ് ഉമർഫൈസി മുക്കം. പുതിയ ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന ചർച്ച നടക്കുന്നുണ്ട്. അതിനിടയിലാണ് ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കുന്ന പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.