ഉമർ ഫൈസിയെ അനുകൂലിച്ച സംയുക്ത പ്രസ്താവനയിലും വിവാദം
text_fieldsമലപ്പുറം: ഉമർ ഫൈസി മുക്കത്തിനെ അനുകൂലിച്ച് സമസ്ത മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്താവന നടത്തിയതിനെ ചൊല്ലി സംഘടനക്കുള്ളിൽ വിവാദം രൂക്ഷം.
സമസ്ത മുശാവറയിലെ 10 അംഗങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവെച്ചതായി വാർത്ത വന്നിരുന്നത്. ഇതിൽ രണ്ടുപേർ പ്രസ്താവനയിൽനിന്ന് പിന്മാറി. തങ്ങളുടെ അറിവോടെയല്ല പ്രസ്താവനയെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇതോടെ സമസ്തക്കുള്ളിൽ വാക്പോരും രൂക്ഷമായി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ, യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരാണ് പ്രസ്താവനയിൽനിന്ന് പിന്മാറിയത്.
സമസ്തയിലെ ലീഗ് അനുകൂലികളും എതിരാളികളും സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഈ വിഷയത്തിൽ പോരടിക്കുകയാണ്. അതിനിടെ മുസ്ലിം ലീഗ് എം.എൽ.എ പി.കെ. ബഷീർ ഉമർ ഫൈസിക്കെതിരെ രൂക്ഷ പ്രതികരണം നടത്തി. ‘മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണ്.
മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുകയെന്നത് പണ്ഡിത ധർമമാണ്. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനുനേരെ നടന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളും അദ്ദേഹത്തിനെതിരെ കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ല’ എന്നായിരുന്നു സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗങ്ങളുടെ സംയുക്ത പ്രസ്താവന.
പാണക്കാട് സാദിഖലി തങ്ങൾ ഖാദിസ്ഥാനം അലങ്കരിക്കുന്നതിനെതിരെ ഉമർ ഫൈസി മുക്കം പ്രസംഗിച്ചതാണ് സമസ്തക്കുള്ളിലും മുസ്ലിംലീഗിലും കടുത്ത പ്രതിഷേധത്തിനിടയാക്കിയത്. ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് പുറത്താക്കണമെന്നാണ് എതിരാളികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.