വിഷയ വിദഗ്ദർ ഉപജാപം നടത്തിയെന്ന ആരോപണം തെളിയിക്കാൻ എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
text_fieldsതിരുവനന്തപുരം: ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ച കാര്യങ്ങൾ തെളിയിക്കാൻ മുൻ എം.പി എം.ബി. രാജേഷിനെ വെല്ലുവിളിച്ച് ഡേ. ഉമർ തറമേൽ.
വിഷയ വിദഗ്ധനായി ഇന്‍റർവ്യൂബോർഡിലുണ്ടായിരുന്ന ഡോ. ഉമർ തറമേൽ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് രാജേഷിന് മറുപടി നൽകിയത്.
നിനിതയോട് പിൻമാറാൻ അപേക്ഷിക്കും വിധം വിഷയ വിദഗ്ദർ ഉപജാപം നടത്തിയെന്ന് തെളിയിക്കാൻ താങ്കൾക്ക് കഴിയുമോയെന്ന് ഉമർ തറമേൽ രാജേഷിനെ വെല്ലുവിളിച്ചു. നിനിതയോട് പിൻമാറാൻ പറയാൻ ആരെയും ഏൽപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഠന വകുപ്പ് മേധാവിയെന്ന നിലയിലാണ് ഉദ്യോഗാർഥിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയതെന്നും രാജേഷിന്‍റെ ആരോപണത്തിന് മറുപടിയായി അദ്ദേഹം കുറിച്ചു.
നിനിത എന്ന ഉദ്യോഗാർഥിയുടെ പി.എച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പെർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കണമെന്നും അദ്ദേഹം എഫ്.ബി പോസ്റ്റിലൂടെ അഭ്യർഥിച്ചു.
നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേർ ചേർന്നാണ് ഇതിനായി ഉപജാപം നടത്തിയതെന്നും എം.ബി രാജേഷ് ശനിയാഴ്ച ആരോപിച്ചിരുന്നു. പിന്മാറിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു രാജേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
നിനിതയുടെ നിയമനം അട്ടിമറിക്കാൻ വിവിധ തലത്തിൽ ഗൂഢാലോചന നടന്നുവെന്നും ഇന്‍റർവ്യൂ ബോർഡിലുള്ള പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്കു വേണ്ടിയായിരുന്നു ഗൂഢാലോചന നടത്തിയതെന്നുമായിരുന്നു രാജേഷിന്‍റെ ആരോപണം. എന്നാൽ, ഇദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്താൻ രാജേഷ് തയാറായിരുന്നില്ല.
കാലടി സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ നിനിതക്ക് നിയമനം നൽകിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്ന് കാണിച്ച് ഉമർ തറമേലും രണ്ട് വിഷയ വിദഗ്ധരും വി.സിക്കും രജിസ്ട്രാർക്കും കത്തയച്ചിരുന്നു.
ഡോ. ഉമർ തറമേലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന.
താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ.ഞങ്ങൾക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്ഥിക്ക് വേണ്ടി ശ്രീമതി നി നിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ subject experts ഉപജാപം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല.
താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാന്സല ർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്.മറ്റൊന്ന്,
2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ആക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ subject expert ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികൾ!!അതുപോട്ടെ, ഞാൻ നുഴഞ്ഞു കയറി ബോർഡിൽ വന്നതാണോ, സർവകലാശാല വൈസ് ചാന്സലർ വിളിച്ചിട്ട് വന്നതല്ലേ? താൻതാൻ ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും subject expert ആയി വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങൾക്ക് മനസ്സിലായിട്ടില്ല.പിന്നെ, നിനിത എന്ന ഉദ്യോഗാർഥിയുടെ പി എച് ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പെർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക.
(ഇത്തരം വിവാദ /സംവാദങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്.അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യിൽനിന്നും മാറിനിൽക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി . അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമികചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങൾ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവർത്തിക്കുന്നു.)
ശുഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.