‘അപമാനിതനായി തലകുനിച്ച അയാൾ ആ കയറെടുത്തതും കുരുക്കിട്ടതും തൂങ്ങിയതും എനിക്ക് മനസ്സിലാകും....’
text_fieldsകോഴിക്കോട്: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി, പൊലീസിലെ നെറികേടുകൾക്കും മേലുദ്യോഗസ്ഥരുടെ പീഡനത്തിനും എതിരെ ഒറ്റയാൾ പോരാട്ടം നയിക്കുന്ന സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. തന്നെ തിരിച്ചറിയുന്ന ഒരാൾപോലുമില്ലാത്ത ഒരു നാട്ടിൽ സർവിസിന്റെ അവസാന വർഷത്തിൽ, തന്റെ സഹപ്രവർത്തകർക്ക് ഇടയിൽ അപമാനിതനായി തലകുനിച്ചിരിക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മനസ്സ് തനിക്ക് മനസ്സിലാകുമെന്ന് ഉമേഷ് പറയുന്നു. ‘അയാളുടെ ചിന്തകൾ മനസ്സിലാകും. അയാൾ ആ കയർ എടുത്തതും കുരുക്കിട്ടതും തൂങ്ങിയതും മനസ്സിലാകും. ഒരാൾ, ഒരേയൊരാളെങ്കിലും ആ മനുഷ്യന്റെ കൂടെയുണ്ടായിരുന്നെങ്കിൽ ആ ആത്മഹത്യ നടക്കില്ല എന്നും... പക്ഷേ, ആദരാഞ്ജലികൾ എന്ന ഒരൊറ്റ വാക്കല്ലാതെ ഒന്നും ബാക്കിയാകുന്നില്ലല്ലോ..’ -ഉമേഷ് പറയുന്നു.
ഇടുക്കി ജില്ലയിൽ വ്യാജ ആരോപണം ഉന്നയിച്ച് റിപ്പോർട്ട് നൽകി ഒരു പൊലീസുകാരനെ സേനയിൽ നിന്ന് പുറത്താക്കിയ ശേഷം അയാളെ നേരിൽ കണ്ടപ്പോൾ "നീ ആത്മഹത്യ ചെയ്യും എന്നാണ് ഞാൻ കരുതിയത്" എന്ന് മേലധികാരി പറഞ്ഞ കാര്യവും ഫേസ്ബുക് കുറിപ്പിൽ ഉമേഷ് ചൂണ്ടിക്കാട്ടി. ‘നിസ്സഹായരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് ആനന്ദിക്കുന്ന മനുഷ്യരും ഉണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യാഞ്ഞാൽ നിരാശരാകുന്നവരുണ്ട്. മരിച്ച മനുഷ്യരെക്കുറിച്ച് കള്ളക്കഥകൾ മെനയുന്നവരും അത് പാടി നടക്കുന്നവരും ഏറ്റുപാടുന്ന അടിമകളും ഉണ്ട്’ -അദ്ദേഹം പറയുന്നു.
മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിന്റെ പേരിൽ നിരവധി അച്ചടക്ക നടപടികൾക്ക് നേരിട്ട ഉമേഷ്, താൻ ആ ദിവസങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ കടബാധ്യത, മനോവിഷമം തുടങ്ങിയവ മരണകാരണങ്ങളായി ഉയർന്നുവരുമായിരുന്നു എന്നും ചൂണ്ടിക്കാട്ടി. കൂടാതെ, മാവോയിസ്റ്റെന്നും അർബൻ നക്സലൈറ്റെന്നും ചാപ്പയടിക്കും. ചില കൂലിക്കാരെക്കൊണ്ടും ശിങ്കിടികളെക്കൊണ്ടും എനിക്കെതിരെ കൊടുപ്പിച്ച വ്യാജ പരാതികൾ കൊണ്ടാടും. നാലു ദിവസം കൊണ്ട് വ്യാജ പ്രചരണം നടത്തി കുടുംബത്തെ പോലും നശിപ്പിച്ചിട്ടുണ്ടാവും -അദ്ദേഹം പറഞ്ഞു. ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞ് തന്നെ ഫോൺ വിളിക്കുന്ന പൊലീസുകാരോട് ഇത് പറഞ്ഞാണ് താൻ പിടിച്ചു നിർത്താറുള്ളതെന്നും ഉമേഷ് കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം:
ഇടുക്കി ജില്ലയിൽ വ്യാജ ആരോപണം ഉന്നയിച്ച് റിപ്പോർട്ട് നൽകി ഒരു പോലീസുകാരനെ സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. മാത്രമല്ല മതരാഷ്ട്രീയ വാദികൾക്ക് വേട്ടയാടാൻ പാകത്തിൽ വാർത്തകൾ സപ്ലൈ ചെയ്ത് ആ മനുഷ്യന്റെ വീടിന് നേരെ വരെ ആക്രമണമുണ്ടാക്കുകയും കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്തു ഒരു മേലധികാരിയുടെ പേരെടുക്കൽ അഭ്യാസങ്ങൾ.
പിന്നീട്, ആ പോലീസുകാരനെ കണ്ടപ്പോൾ "നീ ആത്മഹത്യ ചെയ്യും എന്നാണ് ഞാൻ കരുതിയത്" എന്ന് ഉളുപ്പില്ലാതെ പറയുകയും ചെയ്തു ആ ഊള ആപ്പീസർ.
അതെ. നിസ്സഹായരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് ആനന്ദിക്കുന്ന മനുഷ്യരും ഉണ്ട്. എന്നിട്ടും
ആത്മഹത്യ ചെയ്യാഞ്ഞാൽ നിരാശരാകുന്നവരുണ്ട്. മരിച്ച മനുഷ്യരെക്കുറിച്ച് കള്ളക്കഥകൾ മെനയുന്നവരും അത് പാടി നടക്കുന്നവരും ഏറ്റുപാടുന്ന അടിമകളും ഉണ്ട്.
മറ്റൊരു നാട്ടിൽ നിന്ന് വന്ന് ജോലി ചെയ്യേണ്ടി വരുന്ന ഒരാൾ തങ്ങളുടെ താളത്തിന് തുള്ളുന്നയാളല്ലെങ്കിൽ അയാളെ കള്ളനോ കൊള്ളരുതാത്തവനോ ആയി ചിത്രീകരിക്കാൻ എളുപ്പമാണ്. ആറന്മുളയിൽ ഡിപ്പാർട്ട്മെന്റിലെ തോന്നിവാസങ്ങളെ നമ്മൾ ചോദ്യം ചെയ്തു തുടങ്ങുകയും കുറച്ച് പോലീസുകാർ നമ്മളെ സുഹൃത്തായി കണ്ടു തുടങ്ങുകയും ചെയ്തപ്പോൾ മീറ്റിംഗ് വിളിച്ച് " അവൻ അർബൻ നക്സലൈറ്റ് ആണ്, അവനെ സപ്പോർട്ട് ചെയ്താൽ നിങ്ങൾ പെടും." എന്ന് ഭയപ്പെടുത്താൻ ഇൻസ്പെക്ടർക്ക് ഒരു ഉളുപ്പുമുണ്ടായില്ല. ഇൻസ്പെക്ഷൻ പരേഡിന് വന്ന ഡി.വൈ.എസ്.പിയുടെയും പ്രധാന ക്ലാസ് അതായിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഫണ്ട് കൊണ്ടാണ് ഞാൻ ജീവിക്കുന്നതെന്ന് വേറൊരു ഏമാന്റെ രഹസ്യവിവരം! ഒറ്റപ്പെടുത്താനും വേട്ടയാടാനും നമ്മളെ അറിയുന്ന സഹപ്രവർത്തകർ കൂട്ടുനിൽക്കാത്തതു കൊണ്ട് അവധി തരാതെയും ശമ്പളം തരാതെയും ദ്രോഹിക്കാനും പിരിച്ചു വിടാനുള്ള നടപടി തുടങ്ങാനുമേ ഏമാന്മാർക്ക് പറ്റിയുള്ളു.
ഗതികെട്ട ദിവസങ്ങളിൽ ഞാൻ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ എന്തായിരിക്കും "ഇന്നത്തെ ഞാൻ" എന്ന് എനിക്ക് നന്നായറിയാം. സൊസൈറ്റി ലോണുകളുള്ളത് കൊണ്ട് "കടബാധ്യത"യും നടപടികൾ നേരിടുന്നത് കൊണ്ട് " മനോവിഷമവും" സിംപിളായി മരണകാരണങ്ങളിൽ വരും .
പിന്നെ മാവോയിസ്റ്റെന്നും അർബൻ നക്സലൈറ്റെന്നും ചാപ്പയടിക്കും. ചില കൂലിക്കാരെക്കൊണ്ടും ശിങ്കിടികളെക്കൊണ്ടും എനിക്കെതിരെ കൊടുപ്പിച്ച വ്യാജ പരാതികൾ കൊണ്ടാടും. (മദ്യലഹരിയിൽ പിരിവു കാരന്റെ ബാഗ് തട്ടിപ്പറിച്ചു, വഴിയിൽ ആക്സിഡന്റ് കണ്ടു നിന്ന സ്ത്രീയെ " നീയാരാടീ 🎶🎶🎶🎶മോളേ ഇവിടെ നിൽക്കാൻ" എന്ന് തെറിവിളിച്ചു ആക്രമിക്കാൻ ചെന്നു എന്നൊക്കെ പരാതികളെഴുതി ഒപ്പിടുവിച്ചതും പാവം പോലീസുകാർ തന്നെ! അന്വേഷിച്ച ഉദ്യോഗസ്ഥർ വാലാട്ടികളല്ലാത്തത് കൊണ്ട് മാത്രം സത്യസന്ധമായി റിപ്പോർട്ട് കൊടുത്തു.") നാലു ദിവസം കൊണ്ട് വ്യാജ പ്രചരണം നടത്തി കുടുംബത്തെ പോലും നശിപ്പിച്ചിട്ടുണ്ടാവും.
ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞ് ഫോൺ വിളിക്കുന്ന പോലീസുകാരോടും ഇത് തന്നെയാണ് പറഞ്ഞ് പിടിച്ചു നിർത്താറുള്ളത്.
കഴിഞ്ഞ ദിവസം " ചേട്ടാ ഞാൻ ആത്മഹത്യ ചെയ്യും" എന്ന് മെസ്സേജ് ചെയ്ത പോലീസുകാരനെ വിളിച്ചു. എന്തെങ്കിലും തരത്തിൽ ജീവിക്കാനുള്ള ധൈര്യം പകർന്നു കൊടുക്കും എന്ന വിശ്വാസത്തിലായിരിക്കുമല്ലോ അയാൾ ഇതു വരെ കാണാത്ത, കേട്ടു കേൾവി മാത്രമുള്ള ഒരാൾക്ക് മെസ്സേജ് ചെയ്തിട്ടുണ്ടാവുക. സംസാരിച്ചപ്പോൾ മൂന്ന് ബിരുദാനന്തര ബിരുദം കയ്യിലുള്ള ആളാണ്. കൂടാതെ വിദേശത്ത് ധാരാളം തൊഴിലവസരങ്ങളുള്ള മറ്റൊരു മേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ട്. എന്നിട്ടും അപമാനിതനായി എന്ന് തോന്നിയ നിമിഷത്തിൽ അയാൾ ആത്മഹത്യയെക്കുറിച്ച് ആണ് ചിന്തിച്ചത്. കുറച്ച് നേരം സംസാരിച്ചതിൽ അയാൾ ജീവിക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് ഫോൺ വെച്ചത്. ആ സമയത്ത് ആ വിളി ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ, വിദ്യാസമ്പന്നനും അഭിമാനിയുമായ ആ ഉദ്യോഗസ്ഥന് പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല എന്നാണ് തോന്നിയത്.
സർവീസിന്റെ അവസാന വർഷത്തിൽ, തന്നെ തിരിച്ചറിയുന്ന ഒരാൾപോലുമില്ലാത്ത ഒരു നാട്ടിൽ, തന്റെ സഹപ്രവർത്തകർക്ക് ഇടയിൽ അപമാനിതനായി തലകുനിച്ചിരിക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മനസ്സ് എനിക്ക് മനസ്സിലാകും. അയാളുടെ ചിന്തകൾ മനസ്സിലാകും. അയാൾ ആ കയർ എടുത്തതും കുരുക്കിട്ടതും തൂങ്ങിയതും മനസ്സിലാകും. ഒരാൾ, ഒരേയൊരാളെങ്കിലും ആ മനുഷ്യന്റെ കൂടെയുണ്ടായിരുന്നെങ്കിൽ ആ ആത്മഹത്യ നടക്കില്ല എന്നും...
പക്ഷേ, ആദരാഞ്ജലികൾ എന്ന ഒരൊറ്റ വാക്കല്ലാതെ ഒന്നും ബാക്കിയാകുന്നില്ലല്ലോ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.