‘ദുർബലരുടെ ചോരകൊണ്ടല്ല, അവർക്കുവേണ്ടി ചിന്തുന്ന ചോരകൊണ്ടല്ലേ കൊടിയിലെ നക്ഷത്രം ചുവപ്പിക്കേണ്ടത്?’
text_fieldsകോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും പരസ്യമർദനത്തിനും വിചാരണക്കും വിധേയനായി സിദ്ധാർഥ് എന്ന വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികരണവുമായി സീനിയർ സിവിൽ പൊലീസ് ഓഫിസറും എഴുത്തുകാരനുമായ ഉമേഷ് വള്ളിക്കുന്ന്. കാമ്പസുകളിലെ റാഗിങ് അതിരുവിട്ടിട്ടും മലയാളികൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയും രസിക്കുകയും ചിരിക്കുകയമോണെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
‘കാമ്പസിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഉറപ്പുവരുത്താനുള്ള ചങ്കൂറ്റമാണ് അവിടത്തെ ഭൂരിപക്ഷപിന്തുണയുള്ള സംഘടനകൾ കാണിക്കേണ്ടത്. ഒറ്റപ്പെട്ടവരെയും ദുർബലരെയും നായാടിക്കിട്ടിയ ചോരകൊണ്ടല്ല, അവർക്കുവേണ്ടി ചിന്തുന്ന ചോരകൊണ്ടല്ലേ ചുവപ്പിക്കേണ്ടത് വെള്ളക്കൊടിയിലെ നക്ഷത്രങ്ങൾ?’ -ഉമേഷ് ചോദിച്ചു.
ഫേസ്ബുക് കുറപ്പിന്റെ പൂർണരൂപം:
കേളി കേട്ട SFI കാമ്പസാണ് മഹാരാജാസ്. ആ കോളേജിൽ പഠിക്കാൻ ചെന്ന തന്നെ ഭീഷണിപ്പെടുത്തി മുടി മുറിപ്പിച്ചതിനെക്കുറിച്ച് സിനിമാ സംവിധായകൻ പ്രതാപ് ജോസഫ് ( Prathap Joseph ) മുൻപ് പറഞ്ഞിട്ടുണ്ട്. അന്ന് ക്യാമ്പസിലെ നേതാവായിരുന്നു ഇന്നത്തെ സംവിധായകൻ ആഷിഖ് അബു. സംഭവം അറിഞ്ഞിരുന്നില്ല എന്നാണ് വർഷങ്ങൾക്കിപ്പുറം ഈ വിഷയം ചർച്ചയായ സമയത്ത് ആഷിഖ് അബു പറഞ്ഞത്. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് മുടി മുറിച്ച് രസിച്ച റാഗിംഗ് ഇന്ന് എവിടെ വരെ എത്തിയിരിക്കുന്നു എന്ന് നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. അതെ കണ്ടുകൊണ്ടിരിക്കുകയാണ് നമ്മൾ!. അതെ, അതാണ് നമ്മൾ മലയാളികൾ! എല്ലാം കണ്ടുകൊണ്ടിരിക്കും. കണ്ടു കണ്ട് രസിക്കും. ചിരിക്കും. ചിലപ്പോൾ കരയും. അവനല്ലേ/അവളല്ലേ,അങ്ങനെ ചെയ്തതുകൊണ്ടല്ലേ, അവിടെയല്ലേ, അതുകൊണ്ടല്ലേ എന്നൊക്കെയങ്ങ് അർമാദിക്കും. ഭയം കൊണ്ടോ അടിമത്തം കൊണ്ടോ മനുഷ്യർ മഹാമൗനം കുടിച്ചിരിക്കുന്ന നാട്ടിൽ എവിടെ നിന്നെങ്കിലും ഒരു എതിർശബ്ദമുയർന്നാൽ, ഒരു മറുചോദ്യമുയർന്നാൽ പിന്നെ മുദ്രകുത്തലായി, ചാപ്പയടിക്കലായി, വേട്ടയാടലായി..
കാമ്പസിൽ
സ്വാതന്ത്ര്യവും
ജനാധിപത്യവും
സോഷ്യലിസവും ഉറപ്പുവരുത്താനുള്ള ചങ്കൂറ്റമാണ് അവിടത്തെ ഭൂരിപക്ഷപിന്തുണയുള്ള സംഘടനകൾ കാണിക്കേണ്ടത്.
ഒറ്റപ്പെട്ടവരെയും ദുർബലരെയും നായാടിക്കിട്ടിയ ചോരകൊണ്ടല്ല, അവർക്കുവേണ്ടി ചിന്തുന്ന ചോരകൊണ്ടല്ലേ ചുവപ്പിക്കേണ്ടത് വെള്ളക്കൊടിയിലെ നക്ഷത്രങ്ങൾ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.