‘അധികാരസ്ഥാനത്തുള്ള ഓരോ നിമിഷവും തെളിവുകൾ നശിപ്പിക്കാൻ അയാൾക്ക് സാധിക്കും, രക്ഷപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്’
text_fieldsകോഴിക്കോട്: ഗുരുതര കുറ്റകൃത്യങ്ങളിലും ക്രമക്കേടുകളിലും പങ്കണ്ടെന്ന് പി.വി. അൻവർ എം.എല്‍.എ ആരോപിച്ച എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെയും പത്തനംതിട്ട എസ്.പി സുജിത് ദാസിനെയും അധികാരസ്ഥാനങ്ങളിൽ നിന്ന് ഉടൻ മാറ്റിനിർത്തണമെന്ന് കേരള പൊലീസിലെ അനീതികൾക്കെതിരെ നിരന്തരം കലഹിക്കുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന്. ഇരുവരുടെയും പേര് എടുത്ത് പറയാതെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ആരോപണം ഉണ്ടായാൽ ഒരു നിമിഷം പോലും വൈകാതെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയാണ് ആദ്യം വേണ്ടത്. അല്ലാത്ത പക്ഷം തെളിവുകൾ നശിപ്പിക്കാനും അധികാരം ദുർവിനിയോഗിച്ച് രക്ഷപ്പെടാനും അയാൾക്ക് സാധിക്കും’ -ഫേസ്ബുക് കുറിപ്പിൽ ഉമേഷ് ചൂണ്ടിക്കാട്ടി.
‘ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥരെ അധികാരസ്ഥാനങ്ങളിൽ നില നിർത്തുന്ന ഓരോ നിമിഷവും അയാളെ രക്ഷപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ രക്ഷപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത ശേഷം നടത്തുന്ന അന്വേഷണങ്ങൾ പ്രഹസനമായി അവസാനിക്കാറാണ് പതിവ്. അധികാരമോ സ്വാധീനമോ ഇല്ലാത്ത എന്നെപ്പോലും ഉടനടി സസ്പെൻഡ് ചെയ്തിട്ടാണ് അന്വേഷണം നടത്തുന്നത്. 'പോലീസിലെ ഗുണ്ടാബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ" ഒരു തെളിവും മായ്ക്കാനില്ലാത്ത, ഒരു സാക്ഷിയെയും സ്വാധിനിക്കാനില്ലാത്ത സംഭവത്തിൽ! പൊലീസ് സേനയെ ബാധിച്ച കൃമി-കീടങ്ങളെയും വിഷപ്പാമ്പുകളെയും ചൂണ്ടിക്കാണിച്ച സംഭവത്തിൽ! അതിലെങ്കിലും കൃത്യമായ നടപടി വരട്ടെ’ -ഉമേഷ് കുറിപ്പിൽ വ്യക്തമാക്കി.
അതിനിടെ, പി.വി. അൻവർ എം.എല്‍.എ ഉയർത്തിയ ആരോപണങ്ങളിൽ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്ന വകുപ്പുതല റിപ്പോർട്ടും പുറത്തുവന്നു. എം.എല്‍.എയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്.
അൻവറിന്‍റെ ആരോപണങ്ങളിൽ അന്വേഷണം അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അന്വേഷണം നടന്നാൽ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാൻ കഴിയൂവെന്നാണ് ഡി.ജി.പി അറിയിച്ചത്. പൊലീസിലെ അച്ചടക്കലംഘന ആരോപണങ്ങളിൽ അന്വേഷണമുണ്ടാകുമെന്ന്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അജിത്കുമാറിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങളാണ് അജിത് കുമാറിനെതിരെ അൻവർ ആരോപിച്ചത്. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു. പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പായി എ.ഡി.ജി.പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് പ്രമുഖരുടെ വിവരങ്ങൾ ചോർത്താൻ സൈബര്‍ സെല്ലില്‍ എ.ഡി.ജി.പി പ്രത്യേക സംവിധാനം ഒരുക്കി. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍കോള്‍ ചോർത്തുന്നു. ഇതിനായി അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. 60 മുതൽ 75 ലക്ഷം വരെ ഭൂമിവിലയുള്ള തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് സമീപം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ 12,000 സ്ക്വയർ ഫീറ്റിൽ 'കൊട്ടാരം' പണിയുന്നു. സോളാർ കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി അജിത്കുമാറിനു പങ്കുണ്ട്. എടവണ്ണയിൽ റിദാൻ എന്ന ചെറുപ്പക്കാരൻ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ നിരപരാധിയെ കുടുക്കി. കരിപ്പൂരിലെ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം സ്വർണ്ണം പിടികൂടി പങ്കിട്ടെടുത്തു -തുടങ്ങിയ ആരോപണങ്ങളും അൻവർ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.