യുവതിക്ക് വാടകവീട് എടുത്തുനൽകിയ ഉമേഷിന് സസ്പെൻഷൻ നൽകിയത് വിവാദത്തിൽ
text_fieldsകോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്ലാറ്റ് വാടകക്ക് എടുത്ത് നല്‍കിയതിന്‍റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നൽകിയത് വിവാദമായി. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തത്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് സസ്‌പെഷൻ എന്ന് ഉത്തരവിൽ പറയുന്നു.
31 വയസ്സുള്ള അധ്യാപികക്ക് ജോലി ആവശ്യത്തിനായി നഗരത്തില്‍ ഫ്ലാറ്റെടുക്കുന്നതിനായി സുഹൃത്തായ ഉമേഷ് സഹായിച്ചിരുന്നു. സ്വന്തം വീട്ടിൽ നിന്നും താമസം മാറ്റിയതിനെ തുടർന്ന് യുവതിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതില്‍ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഫ്ലാറ്റിൽ ഉമേഷ് നിത്യസന്ദർശകനാണെന്നും അച്ചടക്ക സേനയുടെ അന്തസ്സിനും സൽപേരിനും കളങ്കം വരുത്തുന്ന രീതിയിൽ ഉമേഷ് പ്രവർത്തിച്ചുവെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. എന്നാൽ സിറ്റി പൊലീസ് കമീഷണറായ എ.വി ജോർജ് തന്നോടുള്ള വ്യക്തിവിരോധം തീർക്കുകയാണ് സസ്പെൻഷനിലൂടെയെന്നാണ് ഉമേഷ് വള്ളിക്കുന്ന് പറയുന്നത്.
തന്‍റെ ഇഷ്ടപ്രകാരമാണ് തനിയെ താമസിക്കുന്നതെന്നും ഫ്ലാറ്റ് എടുത്തുനൽകുക മാത്രമാണ് ഉമേഷ് ചെയ്തതെന്നും യുവതി പറഞ്ഞു. സസ്പെൻഷൻ ഉത്തരവിൽ തന്‍റെ പേര് പരാമർശിച്ചതും അപകീർത്തികരമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതിനും എതിരെയാണ് യുവതി ഐ.ജിക്ക് പരാതി നൽകി.
അതേസമയം, സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു.
2020 ല്‍ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെന്‍ഡര്‍ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകള്‍ വെറുതെയാണെന്ന് ബോധ്യപ്പെടുത്താന്‍
ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.
31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി 'അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു' എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ.
അധികാരത്തിന്റെ തിളപ്പില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.
ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാല്‍ക്കല്‍ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.