കേരളത്തിന് എന്തുപറ്റി? വ്യവസായ സൗഹൃദ റാങ്കിങ്ങിലെ തിരിച്ചടി ചൂണ്ടികാട്ടി ഉമ്മൻചാണ്ടി
text_fieldsവ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം പിറകോട്ട് പോയത് പരാമർശിച്ച് സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ് സർക്കാറിൻെറ കാലത്തുണ്ടായിരുന്ന മെച്ചപ്പെട്ട നില എൽ.ഡി.എഫ് സർക്കാർ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം ചുണ്ടികാട്ടി. പൊതു മേഖല സ്ഥാപനങ്ങളിൽ നഷ്ടം കുമിഞ്ഞു കൂടുകയാണെന്നും അവിടങ്ങളിൽ നേതാക്കളുടെ പ്രൊഫഷനലിസം ഇല്ലാത്ത ബന്ധുക്കളെയാണ് നിയമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണരൂപം
വ്യവസായ അനുകൂല പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ തയറാക്കിയ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ (2018-19) കേരളം 28-ാം സ്ഥാനത്ത്. അതായത് ഏറ്റവും അവസാന സ്ഥാനത്ത്!
നിക്ഷേപകര്‍ക്കിടയില്‍ സര്‍വേ നടത്തി അതിൻെറ അടിസ്ഥാനത്തിലാണ് വ്യവസായ പ്രോത്സാഹന- ആഭ്യന്തര വ്യാപാരവകുപ്പ് (ഡിപിഐഐടി) റാങ്കിംഗ് നടത്തുന്നത്. സംസ്ഥാനങ്ങള്‍ നല്കുന്ന ഡേറ്റയുടെയും കൂടി അടിസ്ഥാനത്തിലാണിത്. 2015-16 മുതലാണ് ലോകബാങ്കിൻെറ സഹകരണത്തോടെ ബിസിനസ് പരിഷ്‌കാര കര്‍മസമിതി (ബി.ആര്‍.എ.പി) പട്ടിക തയാറാക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിൻെറ കാലത്ത് 2015-16ല്‍ 18-ാം റാങ്ക് ആയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ 2016-17ല്‍ റാങ്ക് 20ലേക്കു താഴ്ന്നു. 2017-18ല്‍ 21ലേക്ക് ഇടിഞ്ഞു. ഇടിഞ്ഞിടിഞ്ഞ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും പിറകിലായി.
ആന്ധ്രപ്രദേശ് ആണ് ഒന്നാമത്. യുപിയും തെലുങ്കാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
കേരളത്തിന് എന്തുപറ്റി? സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം സാമ്പത്തിക സര്‍വെ 2019 പ്രകാരം 1833.2 കോടി രൂപയാണ്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടിയിരുത്തിയിട്ടുണ്ട്. യാതൊരു പ്രഫഷണലിസവും ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇവിടെ വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കാനാകും?
വ്യവസായ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കെഎസ്‌ഐടിസിയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ 5 എംഡിമാര്‍. ഇപ്പോഴുള്ളത് ഇന്‍ ചാര്‍ജ് എംഡി.
ഇതിനിടയിലാണ് ഹര്‍ത്താല്‍, നോക്കുകൂലി തുടങ്ങിയ പരിപാടികളും അരങ്ങേറുന്നത്. കോട്ടൂര്‍ കാപ്പുകാട് ആനപരിശീലനകേന്ദ്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ക്കു കൊണ്ടുവന്ന, ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ. പാലക്കാട് കാവശേരിയില്‍ പ്രവാസി വ്യവസായിയുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു മര്‍ദനമേറ്റു. വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ട്രക്കില്‍ കയറി സാധനം ഇറക്കേണ്ടി വന്നു.
കൊച്ചിയില്‍ ആഗോള നിക്ഷേപ സംഗമം നടന്ന 2020 ജനുവരി 9 ൻെറ തലേദിവസം കേരളത്തില്‍ ഹര്‍ത്താലായിരുന്നു. കോടതി ഹര്‍ത്താല്‍ നിരോധിച്ച നാടാണു നമ്മുടേത്. ഗെയില്‍ പൈപ്പ് ലൈന്‍, എക്‌സ്പ്രസ് ഹൈവെ, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം തുറമുഖം, എക്‌സ്പ്രസ് ഹൈവെ, ആറന്മുള വിമാനത്താവളം തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുന്നവരെ ആരു വിശ്വസിക്കും?
അതോടൊപ്പം കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി കോടികള്‍ മുടക്കിയ തൻെറ ഓഡിറ്റോറിയത്തിനു ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനത്തില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതും പുനലൂര്‍ സ്വദേശിയായ പ്രവാസി, വര്‍ക്ക്‌ഷോപ്പില്‍ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതുമൊക്കെ കൂട്ടി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.