കരിപ്പൂർ വിമാനത്താവളത്തിൽ അമിത പാര്‍ക്കിങ് ഫീസ് ചോദ്യംചെയ്ത ഉംറ തീർത്ഥാടകന് മര്‍ദനം
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കിയത് ചോദ്യംചെയ്ത യാത്രക്കാരനെ ടോള്‍ ബൂത്തിലുള്ളവര്‍ മര്‍ദിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി ഒറവുങ്ങല്‍ റാഫിദാണ് (30) സംഘം ചേര്‍ന്നുള്ള മര്‍ദനത്തിനിരയായത്. പരിക്കേറ്റ യുവാവ് കൊണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കരിപ്പൂര്‍ പൊലീസ് കേസെടുത്തു.
വാഹനങ്ങള്‍ പുറത്തുപോകാനെടുക്കുന്ന സമയം കൂട്ടി കാണിച്ച് അമിത പാര്‍ക്കിങ് ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതികളുയർന്നിരിക്കെ, ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പ്രഖ്യാപിച്ചശേഷമാണ് ഈ സംഭവം. ഉംറ നിര്‍വഹിച്ച് മാതാവ് സൈനബക്കൊപ്പം (63) ബുധനാഴ്ച രാവിലെ 10.30ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അതിക്രമം നേരിടേണ്ടിവന്നതെന്ന് റാഫിദ് പറഞ്ഞു.
ഇവരെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരന്‍ റാഷിദ് വാഹനവുമായെത്തിയിരുന്നു. പ്രവേശനകവാടത്തില്‍നിന്ന് ലഭിച്ച ചാര്‍ജ് ഷീറ്റില്‍ 30 മിനിറ്റിന് 40 രൂപയും തുടര്‍ന്ന് ഒരു മണിക്കൂര്‍ വരെ 65 രൂപയുമാണ് ഫീസായി രേഖപ്പെടുത്തിയിരുന്നത്. വാഹനം 27 മിനിറ്റുകള്‍ക്കകം നിര്‍ഗമന കവാടത്തിലെത്തിയിട്ടും ബൂത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന ജീവനക്കാരന്‍ 65 രൂപ ആവശ്യപ്പെടുകയായിരുന്നെന്ന് റാഫിദ് പറഞ്ഞു. വാക്ക്തര്‍ക്കത്തിനിടെ കൂടുതല്‍ ജീവനക്കാര്‍ സംഘടിച്ചെത്തി വാഹനത്തില്‍നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നെന്നാണ് പരാതി.
മാതാവിന്റെ മുന്നില്‍വെച്ച് സഹോദരന്‍ റാഷിദിനെയും മര്‍ദിക്കാന്‍ ശ്രമമുണ്ടായെന്നും വിമാനത്താവളത്തിലെ സുഹൃത്തെത്തി തന്നെ പൊലീസ് എയ്ഡ് പോസ്റ്റില്‍ എത്തിക്കുകയും തുടര്‍ന്ന് ചികിത്സ തേടുകയുമായിരുന്നെന്ന് റാഫിദ് വ്യക്തമാക്കി. മുതുകിലും തോളിലും കൈകളിലുമെല്ലാം പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.