സ്വന്തം മാധ്യമത്തിൽ വന്ന ആ നന്മമരക്കഥകൾ നേരിലനുഭവിച്ച് മൊല്ലാക്ക നാട്ടിൽ തിരിച്ചെത്തി
text_fieldsമലപ്പുറം: ആവതുള്ള കാലത്ത് നേരം പുലരും മുമ്പെ താൻ വീട്ടുകോലായകളിലെത്തിച്ച ദിനപത്രത്തിൽ അച്ചടിച്ചിരുന്ന പ്രവാസിയുടെ നന്മമരക്കഥകൾ നേരിട്ടനുഭവിച്ച് മൊല്ലാക്ക നാട്ടിൽ തിരിച്ചെത്തി. ആ കഥകളിലൊന്നും പൊളിവചനങ്ങൾ ഇല്ലായിരുന്നല്ലോ എന്ന സംതൃ്പിതയോടെ.
‘മാധ്യമ’ത്തിന്റെ പഴയകാല ഏജന്റ് പാങ്ങ് സ്വദേശിയായ കുഞ്ഞാലൻ കുട്ടി എന്ന മൊല്ലാക്കയാണ് ഉംറക്ക് പോയപ്പോൾ അവശനായതിനെ തുടർന്ന് ആറ് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. പരിചയമില്ലാത്ത നാട്ടിൽ അവശനായി, കൂട്ടിരിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ദീനക്കിടക്കയിലായപ്പോൾ താൻ പത്രത്തിലൂടെ വായിച്ചറിഞ്ഞ പ്രവാസിനന്മ സ്നേഹസ്പർശമായി അനുഭവിച്ചുവെന്ന് 72കാരനായ മൊല്ലാക്ക പറയുന്നു.
കഴിഞ്ഞ മാസം 20നാണ് മലപ്പുറം പാങ്ങ് സ്വദേശിയായ മൊല്ലാക്കയും ഭാര്യ ഖദീജയും ഉംറ തീർഥാടനത്തിന് വിമാനം കയറിയത്. കർമങ്ങൾ പൂർത്തിയാക്കി ഒക്ടോബർ നാലോടെ തിരിച്ചു വരേണ്ടതായിരുന്നു. എന്നാൽ, മടക്കയാത്രയുടെ തലേന്ന് മദീനയിൽ വെച്ച് മൊല്ലാക്ക അവശനായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം വർധിച്ച് അവശനിലയിലായി. അദ്ദേഹത്തെ മദീനയിലെ ഹയാത്ത് ആശുപത്രി ഐ.സി.യുവിലേക്ക് മാറ്റി. വിസാകാലാവധി തീർന്നതിനാൽ ഭാര്യ ഖദീജക്ക് ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനെ തനിച്ചാക്കി വിഷമത്തോടെ മടങ്ങേണ്ടി വന്നു.
വിവരമറിഞ്ഞ് മദീന കെ.എം.സി.സി, നവോദയ, ഐ.സി.എഫ് എന്നീ സംഘടനകൾ സഹായത്തിനെത്തി. മൊല്ലാക്ക ഐ.സി.യുവിൽ കഴിഞ്ഞ ദിവസങ്ങളത്രയും കൂട്ടിരുന്നത് കെ.എം.സി.സി. പ്രവർത്തകരായ മോനുവും കുഞ്ഞാപ്പുവും. മാനസികവും ശാരീരികവുമായ സർവ പിന്തുണയുമേകി സ്വന്തം പിതാവിനെ പോലെയാണവർ തന്നെ പരിചരിച്ചത് എന്ന് മൊല്ലാക്ക. നാട്ടുകാരും കെ.എം.സി.സി. പ്രവർത്തകരുമായ എ.സി. മുജീബ്, ദാവൂദ്, ഗഫൂർ പി.കെ. എന്നിവരും മൊല്ലാക്കയുടെ മരുമകനായ സൈനുദ്ദീൻ ഇന്ത്യനൂരും സേവനസന്നദ്ധരായി കൂടെനിന്നു.
ആറു ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ അസുഖം ഭേദമായി മൊല്ലാക്ക കഴിഞ്ഞ ദിവസം നാട്ടിലെത്തി. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായ അലി പാങ്ങാട്ടാണ് അദ്ദേഹത്തെ വീൽ ചെയറിൽ നാട്ടിലെത്തിച്ചത്. പാങ്ങിലെ വീട്ടിലിരുന്ന് പ്രവാസിനന്മകളെ കുറിച്ച് നന്ദിയോടെ ഓർക്കുകയാണ് മൊല്ലാക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.