തൃശൂരിൽ 72 മണിക്കൂർ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്; വീണ്ടും സമരം പ്രഖ്യാപിച്ച് യു.എൻ.എ
text_fieldsതൃശൂർ: ശമ്പളപരിഷ്കരണത്തിൽ തീരുമാനമുണ്ടാവാത്ത സാഹചര്യത്തിൽ നഴ്സുമാർ തുടർപ്രക്ഷോഭത്തിൽ വീണ്ടും സമരം പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിൽ ഏപ്രിൽ 11 മുതൽ 13 വരെ 72 മണിക്കൂർ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് യു.എൻ.എ അറിയിച്ചു. ഫെബ്രുവരി 15ന് ജില്ലയിൽ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 72 മണിക്കൂർ സമ്പൂർണ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിദിനവേതനം 1500 രൂപയെങ്കിലുമാക്കി നിശ്ചയിക്കുക, ആശുപത്രി മേഖലയിലെ കരാർ, ദിവസവേതന നിയമനങ്ങൾ അവസാനിപ്പിക്കുക, ആശുപത്രിയിലെ രോഗി- നഴ്സസ് അനുപാതം കൃത്യവും നിയമപരവുമായി നടപ്പാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പാക്കുക, ലേബർ നിയമങ്ങൾ ലംഘിക്കുന്ന മാനേജ്മെന്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.
പരിഹാരമായില്ലെങ്കിൽ മേയ് ഒന്നു മുതൽ സംസ്ഥാനത്തുടനീളം അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. 50 ശതമാനം ഇടക്കാലാശ്വാനം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂർണ പണിമുടക്കിൽനിന്ന് ഒഴിവാക്കും. 11ന് കലക്ടറേറ്റ് മാർച്ചും തുടർന്ന് മൂന്ന് ദിവസവും കലക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തും. കലക്ടറേറ്റ് മാർച്ച് ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.