സി.പി.എമ്മുകാരനെയും ക്രിമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തലശേരിയില്‍ ലഹരിക്കടത്ത് സംഘം രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബുവെന്ന ക്രിമിനല്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങൾ വാര്‍ത്താമാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സി.പി.എമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാമെന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജീര്‍ണത വ്യക്തമാക്കുന്നതാണ് -അദ്ദേഹം പറഞ്ഞു.
സി.പി.എമ്മുകാരനെയും ക്രിമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും നേതാക്കളും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്. നിര്‍ഭയരായി ആര്‍ക്കും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനെന്ന പരിഗണനയില്‍ കൊലക്കേസ് പ്രതിക്ക് സംരക്ഷണം ഒരുക്കാന്‍ സി.പി.എം മുതിരരുത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തലശേരി ഇരട്ട കൊലപാതകത്തെയും ഒറ്റപ്പെട്ട സംഭവമായാണോ കാണുന്നതെന്ന് വ്യക്തമാക്കണം.
മതില്‍ കെട്ടിയോ കൂട്ടയോട്ടം സംഘടിപ്പിച്ചോ കാമ്പയിന്‍ നടത്തിയോ ലഹരി മാഫിയയെ പ്രതിരോധിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്.
എസ്.പിയുടെയും എസ്.എച്ച്.ഒയുടെയും പണി സി.പി.എം ജില്ല, ഏരിയാ സെക്രട്ടറിമാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലഹരി സംഘങ്ങളെ വേരോടെ പിഴുതെറിയാനുള്ള കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അതിനായി പൊലീസിനെയും എക്‌സൈസിനെയും പാര്‍ട്ടി നേതാക്കളില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.