ലോണെടുത്ത് പശുവിനെ വാങ്ങി, വീണ് നട്ടെല്ലിന് പരിക്കേറ്റതോടെ തിരിച്ചടവ് മുടങ്ങി; ആൽബർട്ട് ജീവനൊടുക്കിയത് ജപ്തി ഭീഷണിക്ക് പിന്നാലെ
text_fieldsകേളകം (കണ്ണൂർ): ലോണെടുത്ത് പശുവിനെ വാങ്ങിയതിനു പിന്നാലെ വീഴ്ചയിൽ നട്ടെല്ലിന് പരിക്കേൽക്കുകയും ലോണടവ് മുടങ്ങുകയും ചെയ്തതാണ് കണ്ണൂരിൽ കർഷകന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ബന്ധുക്കൾ. പേരാവൂർ കണിച്ചാറിൽ കൊളക്കാട് ക്ഷീരസഹകരണ സംഘം മുൻ പ്രസിഡന്റ് കൊളക്കാട് രാജമുടിയിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (73) കടക്കെണിയും ജപ്തി ഭീഷണിയുംമൂലം വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്‌ച പുലർച്ച ഭാര്യ പള്ളിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയത്.
പശുവിനെ വളർത്താൻ കൊളക്കാട് സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു. പശുവിനെ വാങ്ങി മാസങ്ങൾ തികയുംമുമ്പ് ആൽബർട്ട് വീണ് നട്ടെല്ലിന് പരിക്കേറ്റു. തുടർന്ന് പശുപരിപാലനം സാധ്യമല്ലാതാകുകയും പശുക്കളെ കിട്ടിയവിലക്ക് വിൽക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.
ബാങ്കുകളിൽനിന്നുള്ള നിരന്തരം ജപ്തി ഭീഷണിയെതുടർന്നാണ് കർഷകനായ ആൽബർട്ട് ആത്മഹത്യചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കേരള ബാങ്ക് പേരാവൂർ ശാഖയിൽനിന്ന് ആൽബർട്ടിന്റെ ഭാര്യക്ക് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കൂടാതെ, കൊളക്കാട് സർവിസ് സഹകരണ ബാങ്കിൽനിന്നും നോട്ടീസും ലഭിച്ചു.
കേരള ബാങ്ക് പേരാവൂർ ശാഖയിൽ ചൊവ്വാഴ്ചയാണ് വായ്പ തിരിച്ചടക്കേണ്ട അവസാന അവധിയായി ബാങ്ക് നൽകിയിരുന്നത്. തിങ്കളാഴ്ച ബാങ്കിൽ പോകാമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. ഞായറാഴ്ച സ്വാശ്രയ സംഘത്തിൽനിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കൊളക്കാട് ക്ഷീരസഹകരണ സംഘം സ്ഥാപക പ്രസിഡന്റും 25 വർഷത്തോളം സംഘം പ്രസിഡന്റുമായിരുന്നു. രണ്ടുമാസം മുമ്പാണ് സ്വയം വിരമിച്ചത്. കോൺഗ്രസ് പ്രവർത്തകനും കണിച്ചാർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. നാട്ടിലെ സർവ മേഖലകളിലെയും നിറസാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്. ഭാര്യ: വത്സ. മക്കൾ: ആശ, അമ്പിളി, സിസ്റ്റർ അനിത (ജർമനി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് രാജമുടി ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.