അൺ എയ്ഡഡ് സ്കൂളുകളിൽ സ്പെഷൽ ഫീസ് കൊള്ള
text_fieldsകോഴിക്കോട്: അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ശ്രമം തുടരുമ്പോഴും അടുത്ത അധ്യയന വർഷത്തേക്ക് ഫീസ് കൊള്ളയുമായി മാനേജ്മെൻറുകൾ. സ്പെഷൽ ഫീസ് എന്ന പേരിൽ 5000 മുതൽ 10,000 വരെ രൂപയാണ് ഓരോ വിദ്യാർഥിയിൽനിന്നും അംഗീകാരമുള്ളതും ഇല്ലാത്തതുമായ ചില അൺ എയ്ഡഡ് സ്കൂളുകൾ അനധികൃതമായി വാങ്ങുന്നത്. മാന്യമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾക്കും നാണക്കേടാവുകയാണ് ചിലരുടെ അത്യാർത്തി. 10,000 രൂപ മുതൽ വാർഷിക ട്യൂഷൻ ഫീസിന് പുറമെയാണ് സ്പെഷൽ ഫീസുമായി ചില സ്കൂളുകാർ രക്ഷിതാക്കളെ പിഴിയുന്നത്. വർഷത്തിൽ മൂന്നുതവണ ഇത് ഇൗടാക്കുന്നവരുണ്ട്. സ്പെഷൽ ഫീസ് എന്നാണ് പറയുന്നതെങ്കിലും ജനറൽ ഫീസ് എന്നെഴുതിയാണ് രസീതി നൽകുന്നതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
ഫീസുകൾ ഓൺലൈനായി അടക്കണമെന്ന സി.ബി.എസ്.ഇ നിർദേശം സ്പെഷൽ ഫീസിെൻറ കാര്യത്തിൽ സ്കൂളുകാർ പാലിക്കാറില്ല. വികസന പ്രവർത്തനങ്ങൾക്കാണ് ഇൗ ഇനത്തിലെ വരുമാനത്തിെൻറ പകുതിയും ചെലവഴിക്കുന്നതെന്നാണ് മാനേജ്മെൻറുകളുടെ വാദം. ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണെങ്കിലും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിനും സ്പെഷൽ ഫീസ് എന്നപേരിൽ പണം ഈടാക്കുന്നു. ഒരേ കോർപറേറ്റ് മാനേജ്മെൻറിെൻറ കീഴിലെ സ്കൂളുകൾക്കുതന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകളാണ്.
800 കുട്ടികളെങ്കിലും പഠിക്കുന്ന സ്കൂളിൽ ഒരു വിദ്യാർഥിയിൽനിന്ന് 5000 രൂപ സ്പെഷൽ ഫീസ് വാങ്ങിയാൽ 40 ലക്ഷം രൂപ മാനേജ്മെൻറിെൻറ കീശയിലെത്തും. അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിൽനിന്ന് തൽക്കാലത്തേക്ക് സർക്കാർ പിന്മാറിയതോടെയാണ് ആരെയും കൂസാതെയുള്ള ഫീസ് കൊള്ള. നിശ്ചിത ദൂരപരിധിയിൽ സ്കൂളുകൾ വേണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടിയാണ് അടച്ചുപൂട്ടലിനെ മാനേജ്മെൻറുകൾ എതിർത്തത്. എന്നാൽ, ഫീസിളവടക്കമുള്ള വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങൾ ഇവർ കാറ്റിൽ പറത്തുന്നു.
പരാതി പറയുന്ന വിദ്യാർഥികൾക്ക് വിവേചനം നേരിടേണ്ടി വരുന്നു. പരാതി ലഭിച്ചാൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളുകളിലെത്തി അന്വേഷണം നടത്തും. ഇതിെൻറ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയക്കുകയാണ് പതിവ്. എന്നാൽ, സമ്മർദങ്ങൾ കാരണം നടപടിയുണ്ടാവാറില്ല.സ്പെഷൽ ഫീസ് വാങ്ങാതെ സ്കൂൾ നടത്താൻ ബുദ്ധിമുട്ടാണെന്ന് ആരോപണവിധേയമായ ഒരു സ്കൂളിെൻറ പ്രിൻസിപ്പൽ പറഞ്ഞു.
നാല് ടേമിലും ട്യൂഷൻ ഫീസ് വാങ്ങുന്നതിനാലാണ് ചിലർ സ്പെഷൽ ഫീസ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരം ഫീസുകൾ ഇൗടാക്കാറില്ലെന്ന് കോൺഫെഡറേഷൻ ഒാഫ് കേരള സഹോദയ കോംപ്ലക്സ് വടകര, കോഴിക്കോട് േമഖല ഭാരവാഹികൾ വ്യക്തമാക്കി. അനധികൃത ഫീസുകൾ വാങ്ങരുതെന്ന് ഒാൾ കേരള പ്രൈവറ്റ് സ്കൂൾ മാേനജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് നിസാർ ഒളവണ്ണ പറഞ്ഞു.
പുസ്തക കച്ചവടവും പൊടിപൊടിക്കുന്നു
അംഗീകാരമുള്ളതും ഇല്ലാത്തതുമായ അൺ എയ്ഡഡ് സ്കൂളുകൾ പാഠപുസ്തക കച്ചവടത്തിലൂടെ കൊയ്യുന്നത് ലക്ഷങ്ങൾ. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ സ്കൂളുകളിൽ തന്നെയാണ് വിൽക്കുന്നത്. വൻ തുകയാണ് വില ഇൗടാക്കുന്നത്. ഒന്നാം ക്ലാസിലെ പുസ്തകത്തിന് 2000 രൂപയിലേറെ നൽകണം. കൊള്ളലാഭം ലക്ഷ്യമിട്ട് പ്രസാധകർ തോന്നിയപോലെയാണ് വിലയിടുന്നത്. 50 ശതമാനത്തിലധികമാണ് സ്വകാര്യ പ്രസാധകർ സ്കൂൾ അധികൃതർക്ക് നൽകുന്ന കമീഷൻ. ഈ ഇനത്തിൽ ഒരു സ്കൂളിനുതന്നെ ലഭിക്കുന്നത് ലക്ഷങ്ങൾ. വിൽപന വിലയിൽനിന്ന് ഒരു രൂപ പോലും വിദ്യാർഥികൾക്ക് കുറച്ചുകൊടുക്കാറുമില്ല.
കമീഷൻ കുറവായതിനാൽ നോട്ട്ബുക്കുകൾ ചില സ്കൂളുകൾ വിൽക്കുന്നില്ല. നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്ങിെൻറ (എൻ.സി.ഇ.ആർ.ടി) പുസ്തകങ്ങൾ ഉപയോഗിക്കാൻ സി.ബി.എസ്.ഇ നിർദേശിക്കാറുണ്ടെങ്കിലും ഫലമില്ല. ഇൗ പുസ്തകങ്ങൾക്ക് വില വളരെ കുറവാണ്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ നിർബന്ധമാക്കണമെന്ന നിർദേശം ഡൽഹി ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.