അൺ എയ്‌ഡഡ് സ്കൂൾ: പിന്നാക്കാവസ്ഥക്കാർക്ക് 25 ശതമാനം സീറ്റ് ഉറപ്പു വരുത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയും പ്രതികൂല സാഹചര്യവും നേരിടുന്ന വിദ്യാർഥികൾക്ക് അൺ എയ്‌ഡഡ് ഒന്നാം ക്ലാസ്, പ്രീ സ്കൂൾ പ്രവേശന സമയത്ത് 25 ശതമാനം സീറ്റുകൾ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഈ വ്യവസ്ഥ നടപ്പാക്കാനുള്ള സർക്കാറിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികൾക്ക് അൺ എയ്‌ഡഡ് സ്കൂൾ പ്രവേശനത്തിന് നിയമപ്രകാരം അർഹതയുള്ള സംവരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 12(1) (സി) പ്രകാരം സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന കുട്ടികൾക്ക് അൺ എയ്‌ഡഡ് സ്കൂൾ പ്രവേശനത്തിൽ 25 ശതമാനം സീറ്റുകൾ സംവരണം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതു നടപ്പാക്കാനുള്ള ബാധ്യതയുടെ ഭാഗമായി 2013ൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
സംവരണം നൽകുമ്പോൾ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെയും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികളെയും ഒന്ന്: ഒന്ന് എന്ന അനുപാതത്തിൽ പരിഗണിക്കണം, ഏതെങ്കിലും വിഭാഗത്തിൽ കുട്ടികളില്ലാതെ വന്നാൽ മറുവിഭാഗത്തിലുള്ളവരെ പരിഗണിക്കാം, ഇങ്ങനെ പ്രവേശനം ലഭിക്കുന്ന കുട്ടികളെ മറ്റു കുട്ടികളിൽനിന്ന് ഒരുതരത്തിലും വേർതിരിക്കരുത് തുടങ്ങിയവയാണ് സർക്കാറിന്റെ മാർഗനിർദേശങ്ങൾ.
ഭിന്നശേഷിക്കാരായ കുട്ടികൾ, അനാഥരായ കുട്ടികൾ, പഠനവൈകല്യമുള്ളവർ, എച്ച്.ഐ.വി ബാധിതരുടെ മക്കളോ എച്ച്.ഐ.വി ബാധിതരോ ആയ കുട്ടികൾ തുടങ്ങിയവരാണ് പ്രതികൂല സാഹചര്യം നേരിടുന്നവരുടെ ഗണത്തിൽപെടുന്നത്. പ്രവേശന ഫീസ് ഈടാക്കുന്നത് തടയണമെന്നതടക്കം ആവശ്യങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നെങ്കിലും ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.