ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ‘അപ്രഖ്യാപിത നിരോധനം’
text_fieldsകോട്ടയം: പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടക്കാതെ ഹയർ സെക്കൻഡറി അധ്യാപക തസ്തികകൾ. സ്റ്റാഫ് ഫിക്സേഷൻ എന്ന കാരണം നിരത്തിയാണ് നിയമനം തടയുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. പുതിയ അധ്യയന വർഷത്തിലും സ്ഥിരം അധ്യാപക നിയമനം നടക്കാത്തത് പ്ലസ് ടു പഠനത്തെ ബാധിച്ചേക്കും.
സ്റ്റാഫ് ഫിക്സേഷൻ കഴിഞ്ഞിട്ടേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാവൂവെന്ന് ഇതുവരെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനെ സർക്കാർ ഉത്തരവ് പ്രകാരം അറിയിച്ചിട്ടില്ല. എന്നിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഗണിതശാസ്ത്രം, ഫിസിക്സ്, ബോട്ടണി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സുവോളജി, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടെ ഭൂരിഭാഗം വിഷയങ്ങളിലും വിരമിക്കൽ ഒഴിവുകൾ അടക്കം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതും നിയമനങ്ങൾക്ക് തടസ്സമായുണ്ട്. സ്റ്റാഫ് ഫിക്സേഷൻ കഴിഞ്ഞ ശേഷം ജൂനിയർ ടു സീനിയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയായാൽ മാത്രമേ വിരമിച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്യൂവെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വൃത്തങ്ങൾ പറയുന്നത്. എല്ലാ വകുപ്പുകളും വിരമിക്കലടക്കം കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്. നിയമനങ്ങൾ നടക്കാതായതോടെ കഴിഞ്ഞ വർഷത്തേതിന് സമാനമായി പുതിയ അധ്യയന വർഷത്തിലും വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ ഗെസ്റ്റ് അധ്യാപകരെ നിയമിക്കേണ്ട അവസ്ഥയിലാണ് സ്കൂളുകൾ.
കാലാവധി കഴിയാറായ റാങ്ക് പട്ടികകളുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. വിവിധ പി.എസ്.സി അധ്യാപക ലിസ്റ്റുകളിൽപെട്ട ഉദ്യോർഥികൾക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ നിയമനം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.