നാല് പൊതുമേഖല സ്ഥാപനങ്ങളിൽ പട്ടികവർഗക്കാർക്ക് അപ്രഖ്യാപിത 'വിലക്ക്'
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നാല് പൊതുമേഖല സ്ഥാപനങ്ങൾ പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരാളെപോലും ജോലിക്കെടുത്തില്ല. ഉന്നത തസ്തികകളിൽ പട്ടികജാതിയിൽനിന്നോ പട്ടികവർഗത്തിൽനിന്നോ ഒരാളെ പോലും ജോലിക്കെടുക്കാത്ത മൂന്ന് സ്ഥാപനങ്ങളുമുണ്ട്. ആസൂത്രണ കാര്യ വകുപ്പിന് കീഴിലെ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് തയാറാക്കി സർക്കാറിന് നൽകിയ 2021ലെ പൊതുമേഖല പട്ടികവിഭാഗ പ്രാതിനിധ്യ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 105 പൊതുമേഖല സ്ഥാപനങ്ങളിൽ പട്ടികജാതിക്ക് 219 ഉം പട്ടികവർഗത്തിന് 466 ഉം പേരുടെ പ്രതിനിധ്യക്കുറവുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
108 ജീവനക്കാരുള്ള കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ, 37 ജീനക്കാരുള്ള ഫോം മാറ്റിങ് ഇന്ത്യ ലിമിറ്റഡ്, 920 പേരുള്ള സ്മാൾ ഇൻഡസ്ട്രിയൽ ഡെപലപ്മെന്റ് കോർപറേഷൻ, 105 പേരുള്ള കേരള ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ ലിമിറ്റഡ് (കൈറ്റ്), 73 പേർ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്പിന്നിങ് മിൽ എന്നിവയിലാണ് പട്ടികവർഗക്കാരായ ഒരാളെ പോലും ജോലിക്കെടുക്കാത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള, നോർക്ക റൂട്സ് ലിമിറ്റഡ്, കേരള ഐ.ടി ഇൻഫ്രാ സ്ട്രചർ ലിമിറ്റഡ് എന്നിവയിൽ എക്സിക്യുട്ടിവ് തലത്തിൽ പട്ടിക വിഭാഗത്തിൽപെട്ട ഒരാളുമില്ല.
105 പൊതുമേഖല സ്ഥാപനങ്ങളിൽ 1,25,575 പേരാണ് ജീവനക്കാർ. 18,540 പട്ടിക ജാതിക്കാരും 2680 പട്ടികവർഗക്കാരും ഇതിൽ ഉൾപ്പെടുന്നു. പട്ടികജാതിക്ക് 14.76 ശതമാനവും പട്ടികവർഗത്തിന് 2.13 ശതമാനവും പ്രതിനിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, 1388 ടോപ് ലെവൽ മാനേജ്മെന്റ് തസ്തികകളിൽ പട്ടികജാതിക്കാരുടെ മൂന്നും പട്ടികവർഗത്തിന്റെ ആറും കുറവുണ്ട്. മിഡിൽ ലെവലിൽ എസ്.സിക്ക് 43ഉം എസ്.ടിക്ക് 16 ഉം ലോവർ ലെവലിൽ എസ്.സിക്ക് 73ഉം എസ്.ടിക്ക് 60 ഉം വർക്കർ തലത്തിൽ എസ്.ടിക്ക് 100 ഉം പട്ടിക വർഗത്തിന് 384 ഉം കുറവാണുള്ളത്.
2022 ജനുവരിയിൽ കണക്ക് ആവശ്യപ്പെട്ടുവെങ്കിലും വൈകിയാണ് നൽകിയതെന്ന് റിപ്പോർട്ട് പറയുന്നു. കാഷ്യൂ കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ, കെ.എം.എം.എൽ, ഫാമിങ് കോർപറേഷൻ, ബിവറേജസ് കോർപറേഷൻ എന്നിവയിൽ വർക്കർ തസ്തികയിലും കെ.എസ്.ആർ.ടി.സി, സിഡ്കോ, ഹൗസിങ് ബോർഡ് എന്നിവയിൽ വിവിധ കാറ്റഗറിയിലും പട്ടികവിഭാഗ ഒഴികുകൾ നികത്താനുണ്ട്. അംഗീകൃത തസ്തികകളിൽ പ്രതിനിധ്യക്കുറവ് നികത്താൻ സ്പെഷൽ റിക്രൂട്ട്മെന്റ് നടത്താൻ പി.എസ്.സിക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിലുണ്ട്. നിരവധി സ്ഥാപനങ്ങളിലെ ടോപ് മാനേജമെന്റിൽ ഒരാൾ പോലും പട്ടിക വിഭാഗത്തിൽ നിന്നില്ല. 105ൽ 11 സ്ഥാപനങ്ങളിൽ മാത്രമാണ് ടോപ്ലെവലിൽ പട്ടികവർഗ പ്രാതിനിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.