മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധന: നടിയുടെ ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: തനിക്കെതിരായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരിയുടെ ആരോപണം ശരിയല്ലെന്നും കേസിൽ ഫോറൻസിക് ലാബ് ഉദ്യോഗസ്ഥരെ വിസ്തരിക്കേണ്ടതിനാൽ ഹരജി പരിഗണിക്കുന്നത് നീട്ടി വെക്കണമെന്നുമുള്ള പ്രതിയായ നടൻ ദിലീപിന്‍റെ ആവശ്യം നിരസിച്ചാണ് ജസ്റ്റിസ് കെ. ബാബു ഹരജിയിൽ വാദം പൂർത്തിയാക്കിയത്.
മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും അതേ വർഷം ഡിസംബർ 13നും അനധികൃതമായി പരിശോധിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. രാത്രിയിലാണ് രണ്ടു തവണയും കാർഡ് പരിശോധിച്ചതെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് നടി ഹൈകോടതിയെ സമീപിച്ചത്.
ദിലീപ് നൽകിയ ഉപഹരജി പരാമർശിച്ച്, മെമ്മറി കാർഡ് സംബന്ധിച്ച് അന്വേഷണം വേണമെന്ന് നടി ആവശ്യപ്പെടുന്നതിൽ ആശങ്കയെന്തിനെന്ന് കോടതി വാക്കാൽ ചോദിച്ചു. അതേസമയം, ഇതേ വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. രഞ്ജിത്ത്. ബി മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഇലക്ട്രോണിക് രേഖകളുടെ പരിശോധനക്ക് പൊതുമാനദണ്ഡം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് നിയമനം.
കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനും വിചാരണ കോടതി ജഡ്ജി വിധി പറയുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഹരജി നൽകുന്നതെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം. ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചപ്പോൾ വലിയ വൈരുധ്യങ്ങളുണ്ടെന്ന് വ്യക്തമായെന്നും അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.