അംഗീകാരമില്ലാത്ത ഹൗസ് ബോട്ടുകൾ പിടികൂടണം -ഹൈകോടതി
text_fieldsകൊച്ചി: അംഗീകാരമില്ലാത്ത ഹൗസ് ബോട്ടുകൾ പിടികൂടാൻ പരിശോധന കർശനമായി നടപ്പാക്കാൻ കർമ സേനയടക്കം നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈകോടതി. അനുമതിയില്ലാത്ത ഹൗസ് ബോട്ടുകൾ പിടികൂടി സൂക്ഷിക്കാനുള്ള യാർഡ് ആലപ്പുഴയിൽ ആറുമാസത്തിനകം സജ്ജമാക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് കേരള മാരി ടൈം ബോർഡിനോട് നിർദേശിച്ചു. പുന്നമട, വേമ്പനാട് കായലിൽ അനധികൃതമായി പ്രവർത്തിക്കുന്ന വഞ്ചി വീടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
കേരള മാരിടൈം ബോർഡ് നിയമം നിലവിൽ വന്നതോടെ 2019 മേയ് രണ്ടു മുതൽ ആലപ്പുഴയുൾപ്പെടെ ചെറിയ തുറമുഖങ്ങളിലെ ജലയാനങ്ങളുടെ ചുമതല വഹിക്കുന്ന കേരള മാരിടൈം ബോർഡ് നടപ്പാക്കുമെന്നറിയിച്ച പരിശോധനകളും നടപടികളും ഹരജിക്കാരുന്നയിക്കുന്ന പ്രശ്നം പരിഹരിക്കാൻ മതിയായതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധനക്ക് കർമസേന, രജിസ്ട്രേഷനില്ലാത്തവയെ കണ്ടെത്തി യോഗ്യത വിലയിരുത്തി രജിസ്ട്രേഷന് നൽകൽ, മൂന്നു മാസത്തിനകം ഓൺലൈൻ ജി.പി.എസ് ട്രാക്കിങ് സംവിധാനം, അംഗീകാരമുള്ള ബോട്ടുകൾക്ക് പ്രത്യേക നിറവും ബാർ കോഡുള്ള നമ്പർ പ്ലേറ്റും നൽകൽ തുടങ്ങിയവ ബോർഡിെൻറ ചുമതലയിലുള്ളതാണ്.
നിയമാനുസൃതമല്ലാത്ത യാനങ്ങൾ ജില്ല ഭരണ കൂടത്തിെൻറയും പൊലീസ് മേധാവിയുടെയും സഹകരണത്തോടെ പിടിച്ചിടും. പിടിക്കുന്ന ബോട്ടുകൾ നിർത്തിയിടാനുള്ള യാർഡിന് സ്ഥലം കണ്ടെത്തിയതിനെ തുടർന്ന് തുടർനടപടികൾ പുരോഗമിക്കുന്നുണ്ട്. ഖരമാലിന്യ സംസ്കരണത്തിന് റവന്യൂ, വിനോദസഞ്ചാര വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡിെൻറയും സഹകരണത്തോടെ വേണ്ടത്ര സൗകര്യമൊരുക്കും.
ബോർഡ് നേരത്തേ നടത്തിയ മിന്നൽ പരിശോധനയിൽ 66 ബോട്ടുകൾക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. രജിസ്ട്രേഷനില്ലാത്ത 54 ബോട്ടുകൾക്കെതിരെ നടപടിയെടുത്തു. ആലപ്പുഴയിൽ 713 ഹൗസ് ബോട്ടുകൾക്കാണ് അനുമതിയുള്ളതെന്നും നേരത്തേ സമർപ്പിച്ച വിശദീകരണക്കുറിപ്പിൽ അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.