അനധികൃത അവധി: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലുമായി അനധികൃതമായി വിട്ടുനിൽക്കുന്ന പ്രബേഷൻ ഡിക്ലയർ ചെയ്യാത്ത, 324 ഡോക്ടർമാരെ പുറത്താക്കാനുള്ള നടപടികൾ വേഗത്തിലാക്കി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും.
അനധികൃതമായി സര്‍വിസില്‍നിന്ന് വിട്ടുനിന്ന 36 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 33 ഡോക്ടര്‍മാരെ ആരോഗ്യ ഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് സര്‍വിസില്‍നിന്ന് നീക്കം ചെയ്തത്. നോട്ടീസിനോട് പ്രതികരിക്കാത്ത, 17 ഡോക്ടര്‍മാര്‍ക്കെതിരെ അടുത്തയാഴ്ചയോടെ നടപടി വന്നേക്കും. ശേഷിക്കുന്നവരെ ഉടൻ പുറത്താക്കും.
ആരോഗ്യവകുപ്പിൽ ആകെ അനധികൃത അവധിയിലുള്ള 600 പേരാണുള്ളത്. ഇതിൽ പ്രബേഷൻ ഡിക്ലയർ ചെയ്ത 276 പേരെയാണ് പുറത്താക്കേണ്ടത്. 2008 മുതൽ സർവിസിൽനിന്ന് വിട്ടുനിൽക്കുന്നവർക്കെതിരെയാണ് നടപടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സമാനമായ നടപടി കർശനമാക്കി. മൂന്നുപേരെ പുറത്താക്കിയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് തുടക്കമിട്ടത്.
ഡോക്ടർമാർ അടക്കം 337 പേരാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇതിൽ 291 പേർക്ക് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള 15 ദിവസത്തെ സമയം അവസാനിച്ചാലുടൻ പുറത്താക്കൽ ഉത്തരവിറങ്ങും.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ ജനറൽ ആശുപത്രികൾ വരെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മെഡിക്കൽ കോളജുകളിലും ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായിരിക്കെ, സർവിസിലുള്ള ഇത്തരക്കാരെ പുറത്താക്കിയാൽ മാത്രമേ പുതിയ നിയമനം സാധ്യമാകൂ.
അനധികൃതമായി വിട്ടുനിൽക്കുന്നവർ ബഹുഭൂരിപക്ഷവും കാരണം കാണിക്കൽ നോട്ടീസിനോട്പോലും പ്രതികരിച്ചിട്ടില്ല. മിക്കവരും സ്വകാര്യമേഖലയിലും വിദേശത്തും ജോലിയിൽ പ്രവേശിച്ചതായാണ് വകുപ്പിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.