ബാറുകൾക്ക് അനധികൃത ലൈസൻസ് : 10.32 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തൽ സി.എ.ജി റിപ്പോർട്ടിൽ
text_fieldsതിരുവനന്തപുരം: വിദേശമദ്യ ലൈസൻസ് അനധികൃതമായി നൽകിയതുൾപ്പെടെ സംസ്ഥാന എക്സൈസ് വകുപ്പിൽ 10.32 കോടി രൂപയുടെ ക്രമക്കേടെന്ന് കംട്രോളർ-ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. എക്സൈസ് തീരുവ, ലൈസൻസ് ഫീ എന്നിവ ഈടാക്കാതിരിക്കുക, കുറച്ച് ഈടാക്കുക, മറ്റ് ക്രമക്കേടുകൾ എന്നിവ വഴിയാണ് സർക്കാറിന് 10.32 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയത്.
കമ്പനി ഡയറക്ടർ ബോർഡ് അനധികൃതമായി പുനഃസംഘടിപ്പിച്ചതിനുള്ള ഫീസും പിഴയും ചുമത്താത്ത മൂന്ന് കേസുകൾ കണ്ടെത്തി. സർക്കാറിന് ഇതിലൂടെ 1.49 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ആറ് ബാറുകൾക്ക് അനധികൃതമായി വിദേശമദ്യ ലൈസൻസ് നൽകിയതിലൂടെ 1.69 കോടി രൂപ നഷ്ടം വന്നു. മറ്റ് 20 കേസുകളിലൂടെയാണ് മറ്റൊരു 7.14 കോടി രൂപ നഷ്ടമായത്.
2018 മുതൽ 21 വരെ കാലയളവിൽ സംസ്ഥാന സർക്കാറിന് കീഴിലുള്ള ഡിസ്റ്റിലറിയായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് സർക്കാർ നിശ്ചയിച്ച അധിക സെക്യൂരിറ്റിതുക അടക്കാത്തതിനാൽ 2.51കോടിയുടെ വരുമാനനഷ്ടം ഉണ്ടായി. ഡിസ്റ്റിലറികളുടെ വാർഷിക എക്സൈസ് തീരുവയുടെ ഒരു ശതമാനവും അവസാന മൂന്നുവർഷങ്ങളിൽ അടച്ച എക്സൈസ് തീരുവയുടെ ശരാശരിയും 2017ൽ വർധിപ്പിച്ചിരുന്നു. ട്രാവൻകൂർ ഷുഗേഴ്സ് ഈ തുക അടച്ചില്ല.
ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോൾ സർക്കാർ സ്ഥാപനമാണെന്നും പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകുമെന്നും വിശദീകരണം നൽകിയതായി റിപ്പോർട്ടിലുണ്ട്. സമാന സ്വഭാവമുള്ള കേസുകൾ പരിശോധിച്ച് പരിഹാരം കാണാനും ഡിസ്റ്റിലറികൾക്ക് അനർഹമായ ആനുകൂല്യം നൽകരുതെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 2021-22 കാലയളവിൽ ആകെയുള്ള 25 യൂനിറ്റുകളിൽ 13 എണ്ണത്തിലെ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
രേഖകളുടെ പരീക്ഷണ പരിശോധനയെ അടിസ്ഥാനപ്പെടുത്തി ആയതിനാൽ ഈ കേസുകൾ ഉദാഹരണം മാത്രമാണ്. മുൻവർഷങ്ങളിലും സമാന വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടും ക്രമക്കേടുകൾ നിലനിൽക്കുകയും അടുത്ത ഓഡിറ്റ് നടക്കുംവരെ കണ്ടെത്താതിരിക്കുകയും ചെയ്തു. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആഭ്യന്തര പരിശോധന കർശനമാക്കണമെന്നും നിയന്ത്രണ സംവിധാനം മെച്ചപ്പെടുത്തണമെന്നും സി.എ.ജി നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.