അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.സുധാകരൻ വിജിലൻസിന് മുമ്പിൽ ഹാജരായി
text_fieldsകോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിജിലൻസിന് മുൻപിൽ ഹാജരായി. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ മൊഴി നൽകാനാണ് കെ.സുധാകരൻ എത്തിയത്. 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെല്ലാണ് അന്വേഷണം നടത്തുന്നത്.
കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് കണ്ണൂരിലെ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് കെ. സുധാകരൻ കോടിക്കണക്കിന് രൂപ വിവിധ ആളുകളിൽനിന്ന് പിരിച്ച് സ്കൂൾ ഏറ്റെടുത്തില്ലെന്നും തുക ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകിയില്ലെന്നുമായിരുന്നു പരാതി.
ഈ ഇനത്തിലൂടെ കോടികളുടെ അനധികൃത സമ്പാദ്യം സുധാകരൻ ഉണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന നിലക്കാണ് പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുന്നത്.
സുധാകരന്റെ സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്ന അന്വേഷണസംഘം ഭാര്യ സ്മിതയുടെ ശമ്പളവിവരങ്ങൾ തേടി അവർ ജോലിചെയ്ത കണ്ണൂർ കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസും നൽകിയിരുന്നു.
അതേസമയം, മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ കെ.സുധാകരനെ ഇഡി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്തിരുന്നു. സുധാകരന്റെ ബാങ്ക് നിക്ഷേപങ്ങൾ, കൈവശമുള്ള സ്ഥലത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.