അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടിക്കും; പട്ടിക ഒരു മാസത്തിനകം -മന്ത്രി
text_fieldsതിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂൾ അധ്യാപിക മൂന്നരവയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ കെ.ജെ. മാക്സി ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
മൂന്നര വയസ്സുള്ള കുട്ടി അധ്യാപിക ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ ക്രൂരമായി മർദിച്ചത് പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത പ്രവൃത്തിയാണ്. സ്ഥാപനത്തിന്‍റെ രേഖ പരിശോധിച്ചുവരുകയാണെന്നും അംഗീകാരമില്ലെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ട് ലഭിച്ച ശേഷം ഇവക്ക് നോട്ടീസ് നൽകും. മുറുക്കാൻ കട തുടങ്ങാൻ പോലും പഞ്ചായത്ത് ലൈസൻസ് വേണമെന്നിരിക്കെയാണ് അംഗീകാരമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നത്. വൻതുക തലവരിപ്പണമായും ഫീസായും ഈടാക്കിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിന്‍റെ മറവിൽ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കും.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവുമേ സ്കൂളുകൾ പ്രവർത്തിക്കാനാകൂ. സംസ്ഥാന സിലബസിന് പുറമെയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങൾക്കെല്ലാം വിദ്യാഭ്യാസ വകുപ്പിന്‍റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.