കാപ്പന് സംശയമില്ല; എൻ.സി.പിക്ക് അനിശ്ചിതത്വം ബാക്കി, എൽ.ഡി.എഫിന് ആശ്വാസവും
text_fieldsതിരുവനന്തപുരം: സംശയം ഒട്ടുമില്ലാതെയാണ് എൽ.ഡി.എഫിെൻറ പാലാ എം.എൽ.എ മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് പോയതെങ്കിലും എൻ.സി.പിയിൽ അനിശ്ചിതത്വം ബാക്കിയാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ആ അനിശ്ചിതത്വത്തിെൻറ രാഷ്ട്രീയ ഗുണം ലഭിച്ചത് എൽ.ഡി.എഫിനും.
പാർട്ടിയുടെ രണ്ട് എം.എൽ.എമാരിൽ ഒരാൾ മുന്നണി വിടുേമ്പാഴും ഉറച്ചൊരു തീരുമാനമെടുക്കാൻ കഴിയാതെ ഉഴലുകയാണ് എൻ.സി.പി കേന്ദ്ര, സംസ്ഥാന നേതൃത്വം. പാലാ സീറ്റിൽ തുടങ്ങിയ തർക്കത്തിൽ സ്വന്തം എം.എൽ.എയോട് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം അനീതി കാട്ടിയെന്ന് അറിയുേമ്പാഴും ദേശീയ രാഷ്ട്രീയത്തിെൻറ നൂലാമാലയിൽ നേതൃത്വം കുടുങ്ങിനിൽക്കുന്നു. കാത്തിരിപ്പിന് പ്രസക്തിയില്ലാത്ത രാഷ്ട്രീയ അതിജീവനത്തിെൻറ സമയത്ത് എൻ.സി.പിയിലെ ആശയക്കുഴപ്പമാണ് യു.ഡി.എഫിലേക്കെന്ന തീരുമാനമെടുക്കാൻ മാണി സി. കാപ്പന് സഹായകമായത്.
ബി.ജെ.പിക്കെതിരെ ബദൽ അന്വേഷണം തുടരുന്ന ഇടതുപക്ഷത്തിെൻറ അന്വേഷണം ശരത്പവാറിനെ ചുറ്റിയും നടക്കുന്നതിനിടെയാണ് പാലായെ ചൊല്ലി എൻ.സി.പിയിൽ കലഹം രൂക്ഷമായത്. ആദ്യഘട്ടത്തിൽ കാപ്പെൻറ പരാതിയോട് അനുഭാവപൂർവം പ്രതികരിച്ച നേതൃത്വം മെല്ലെപ്പോക്കിലേക്ക് മാറിയത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിന് ശേഷമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വികസന മുന്നേറ്റ ജാഥ ആരംഭിക്കുന്ന ദിവസം തന്നെ ഘടകകക്ഷി വിട്ടുപോകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ടായിരുന്നു. നിലപാട് എൻ.സി.പി നേതൃത്വം വൈകിപ്പിച്ചതോടെ ഘടകകക്ഷി അപ്പാടെ മുന്നണി വിടുമെന്ന ഭീഷണി എൽ.ഡി.എഫിന് ഒഴിഞ്ഞു.
പക്ഷേ, ഇനിയാണ് എൻ.സി.പിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പരീക്ഷ. സംസ്ഥാന ഭാരവാഹികളും ജില്ലാ കമ്മിറ്റികളും എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ നേരിടുന്ന വെല്ലുവിളി.
പാലായിൽ ഞായറാഴ്ച എത്തുന്ന യു.ഡി.എഫ് െഎശ്വര്യ കേരള യാത്രയിൽ കാപ്പനൊപ്പം എത്രപേരുണ്ടാകുമെന്നതിലാണ് എൽ.ഡി.എഫ്, എൻ.സി.പി കണ്ണ്. സംസ്ഥാന ഭാരവാഹികളിൽ ഒരു വിഭാഗത്തിന് പ്രത്യേകിച്ച് മലബാർ നേതാക്കൾക്ക് മന്ത്രി എ.കെ. ശശീന്ദ്രനാണ് വിഷയം വഷളാക്കിയതെന്ന അഭിപ്രായമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.