ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിലിൽ എത്തിയിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിൽ
text_fieldsനിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യു.ഡി.എഫിനായി ചുവരെഴുത്ത് നടത്തുന്ന പ്രവർത്തകർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിലിലെത്തിയിട്ടും യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം. രണ്ടു തവണ കൈവിട്ടുപോയ മണ്ഡലത്തിൽ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോഴും സ്ഥാനാർഥിനിർണയം കീറാമുട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്. അന്നുതന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനം.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാൻ സന്നദ്ധരല്ല. കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയ സർവേയിൽ ജോയിക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാണ് ആര്യാടൻ ഷൗക്കത്ത്.
മണ്ഡലത്തിൽ പ്രധാന ഘടകമായ പി.വി. അൻവറിന്റെ പിന്തുണ തുടക്കം മുതൽ ജോയിക്കാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി.എഫിന്റെ ചുമതലക്കാരനുമായ എ.പി. അനിൽകുമാർ എം.എൽ.എ പി.വി. അൻവറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജോയിക്കുതന്നെയാണ് തന്റെ പിന്തുണയെന്നാണ് അൻവർ അറിയിച്ചതെന്നാണ് സൂചന. മുസ്ലിം ലീഗ് ആർക്ക് അനുകൂലമാവുമെന്നതും പ്രധാനമാണ്. ലീഗുമായി ഷൗക്കത്തിനേക്കാൾ ബന്ധം ജോയിക്കാണ്.
സ്ഥാനാർഥിനിർണയം കീറാമുട്ടിയായ സ്ഥിതിക്ക് കോൺഗ്രസ് പട്ടികയിൽ മൂന്നാമതൊരു സ്ഥാനാർഥിയെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അവസാന നിമിഷം കോൺഗ്രസ് പട്ടികയിൽ ട്വിസ്റ്റ് ഉണ്ടാവും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലിയെപ്പോലുള്ളവർ പട്ടികയിൽ ഇടം നേടാനും സാധ്യതയുണ്ട്.
ഭരണവിരുദ്ധവികാരം, അൻവർ ഫാക്ടർ, വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ വെള്ളപൂശിയ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ എന്നിവയെല്ലാം മണ്ഡലത്തിൽ തങ്ങൾക്കനുകൂല ഘടകമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പ്രഖ്യാപനത്തിനുശേഷമേ ഉണ്ടാവൂ എന്നാണ് നേതാക്കൾ നൽകുന്ന സൂചന.
മുൻകാലങ്ങളിലെപ്പോലെ ഐക്യമുന്നണിയിലെ അസംതൃപ്തരെ ഇറക്കി നേട്ടം കൊയ്യുന്ന രീതി ഇത്തവണ ഉണ്ടാവില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ ഇരുമുന്നണികൾക്കും വീര്യമുള്ള പോരാട്ടം നിലമ്പൂരിൽ നടത്തേണ്ടതുണ്ട്. പി.വി. അൻവർ ഇടതുമുന്നണിയുമായി ഇടഞ്ഞ് രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ രണ്ടു തവണയും കോൺഗ്രസിന് സീറ്റ് നഷ്ടമാക്കിയതിൽ സ്ഥാനാർഥി തീരുമാനഘട്ടത്തിലെ പ്രശ്നങ്ങളും കാരണമായി. 2021ൽ കോൺഗ്രസ് സ്ഥാനാർഥി വി.വി. പ്രകാശിന്റെ തോൽവി മണ്ഡലത്തിൽ കോൺഗ്രസിനകത്ത് വലിയ ഭിന്നതക്ക് കാരണമായിരുന്നു. 2700 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു പ്രകാശ് തോറ്റത്. തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ ഹൃദയാഘാതംമൂലം പ്രകാശ് മരിച്ചു. 2021ലും ഷൗക്കത്ത് സ്ഥാനാർഥിയാവണമെന്ന് വാശിപിടിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 2016ൽ പി.വി. അൻവറിനോട് ആര്യാടൻ ഷൗക്കത്ത് 11,504 വോട്ടിന് തോൽക്കുകയായിരുന്നു.
‘തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കും’
ആലുവ: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചന നടത്തിയതല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്നിട്ടില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. അതിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് തീരുമാനിച്ചാല്‍ മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പി.വി. അന്‍വര്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏതു സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.