സമരം തീർന്ന് ഒരാഴ്ച; ഉത്തരവിറങ്ങിയില്ല, ഡ്രൈവിങ് ടെസ്റ്റിൽ അനിശ്ചിതത്വം
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ സമരം ഒത്തുതീർന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഇളവ് വരുത്തിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് ഉത്തരവിറങ്ങാത്തതിനാൽ ടെസ്റ്റിൽ വീണ്ടും അനിശ്ചിതത്വം. മേയ് 15ന് നടന്ന ചർച്ചയിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതാണ് സമരം അവസാനിക്കാനിടയാക്കിയ പ്രധാന ധാരണ. ഇതു പ്രകാരം രണ്ട് എം.വി.ഐമാർ ഉള്ള ഓഫിസുകളിൽ പ്രതിദിനം 80 ടെസ്റ്റുകൾ നടത്താം. എന്നാൽ, തീരുമാനമെടുത്തതല്ലാതെ ഇതു സംബന്ധിച്ച് ബുധനാഴ്ച വൈകീട്ട് വരെയും ഉത്തവിറങ്ങാത്തതോടെ പ്രതിദിനം പുതിയ അപേക്ഷകളിൽ 30 ടെസ്റ്റുകൾ മാത്രമാണ് നടത്താനാകുന്നത്. ഡ്രൈവിങ് സ്കൂളുകൾക്കെതിരെയുള്ള ആസൂത്രിത നീക്കമാണിതെന്നാണ് സംഘടനകളുടെ ആരോപണം. സ്ലോട്ട് കുറക്കണമെന്ന് മന്ത്രി രഹസ്യമായി നിർദേശിച്ച തൊട്ടുടനെ ഉദ്യോഗസ്ഥർ രാത്രിതന്നെ എണ്ണം കുറച്ചുള്ള ക്രമീകരണം നടപ്പാക്കി.
എന്നാൽ, മേയ് 15ന് ചർച്ചയിൽ തീരുമാനമെടുക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രിതന്നെ വ്യക്തമാക്കുകയും ചെയ്തിട്ടും ടെസ്റ്റ് പഴയ പടി നടത്താനാണ് ഗതാഗത കമീഷണറേറ്റിന്റെ നീക്കമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.
പുതിയ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. സാരഥി വഴി ബുക്കിങ്ങിന് ശ്രമിക്കുമ്പോൾ ജൂലൈ മുതലുള്ള ദിവസങ്ങളേ ലഭിക്കുന്നുള്ളൂ. ഇതുതന്നെ പ്രതിദിനം 30 എണ്ണം മാത്രവും. സമരം മൂലം ടെസ്റ്റ് മുടങ്ങിയവരുടെ കാര്യത്തിൽ ഇനിയും വ്യക്തമായ നിർദേശം നൽകിയിട്ടുമില്ല.
ഓരോ ഓഫിസിലെയും കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണമെടുത്ത്, ആവശ്യമുള്ള ഓഫിസുകളിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്ന് എം.വി.ഐമാരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ചർച്ചക്കു ശേഷം പ്രഖ്യാപിച്ചിരുന്നു. ഇതിനും നടപടിയുണ്ടായിട്ടില്ല. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപരിധി മൂന്നുവർഷം കൂടി നീട്ടിയെങ്കിലും ഉത്തരവിറങ്ങാതായയോടെ ഇതും അന്തരീക്ഷത്തിലാണ്.
ഇൻസ്ട്രക്ടർമാർതന്നെ പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കണമെന്ന പുതിയ നിർദേശം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതായും സംഘടനകൾ പറയുന്നു. സി.ഐ.ടി.യു ഇതിനെതിരെ രംഗത്തെത്തുകയും മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.