ചർച്ച് ബില്ലിൽ അനിശ്ചിതത്വം; യാക്കോബായ സഭക്ക് ആറ് പള്ളികൾ കൂടി നഷ്ടമാകുന്നു
text_fieldsകൊച്ചി: മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ അനിശ്ചിതത്വം തുടരവേ യാക്കോബായ വിഭാഗത്തിന് ആറ് പള്ളികൾ കൂടി നഷ്ടമാകുന്നു.
ഓർത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഹൈകോടതി വിധിയെ തുടർന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആറ് പള്ളികൾ കൂടി ഓർത്തഡോക്സ് പക്ഷത്തിന്റെ കൈകളിലെത്താൻ വഴി തെളിഞ്ഞത്. അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി, പെരുമ്പാവൂർ ഭദ്രാസനത്തിലെ മഴുവന്നൂർ സെന്റ് തോമസ് പള്ളി, പുളിന്താനം സെന്റ് ജോൺസ് പള്ളി, കണ്ടനാട് ഭദ്രാസനത്തിലെ ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളി, കാരിക്കോട് സെന്റ് മേരീസ് പള്ളി, കൊല്ലം ഭദ്രാസനത്തിലെ മുഖത്തല സെന്റ് സ്റ്റീഫൻസ് പള്ളി എന്നിവിടങ്ങളിലാണ് ഓർത്തഡോക്സ് വിഭാഗം വൈദികർക്ക് ആരാധനക്ക് സംരക്ഷണം നൽകാൻ ഹൈകോടതി സർക്കാറിന് നിർദേശം നൽകിയത്. ഇതെല്ലാം തന്നെ യാക്കോബായ പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള പള്ളികളാണ്.
ഓർത്തഡോക്സ് സഭക്കനുകൂലമായ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയാണ് യാക്കോബായ വിഭാഗത്തിന്റെ പള്ളികൾ നഷ്ടമാകാൻ കാരണം. മലങ്കരയിലെ 1064 പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നായിരുന്നു കോടതി വിധി. ഈ വിധിയുടെ ചുവട് പിടിച്ച് യാക്കോബായ വിഭാഗത്തിന് ഇതിനോടകം 62 പള്ളികൾ നഷ്ടമായി.
അതേസമയം പ്രശ്ന പരിഹാരത്തിനായി സർക്കാർ പ്രഖ്യാപിച്ച മലങ്കര ചർച്ച് ബില്ലിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ബില്ലിന്റെ കരട് കഴിഞ്ഞ മാസം ഇടത് മുന്നണിയോഗത്തിൽ നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.രാജീവ് അവതരിപ്പിച്ചിരുന്നു. എന്നാൽ, തുടർ നടപടികൾ ഉണ്ടായില്ല. ബില്ല് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഓർത്തഡോക്സ് വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്താനാണ് ബില്ലിലൂടെ നീക്കം നടത്തുന്നതെന്നായിരുന്നു അവരുടെ ആരോപണം. യാക്കോബായ വിഭാഗമാകട്ടെ സർക്കാറിന് പിന്തുണ നൽകി ബില്ല് ഉടൻ നടപ്പാക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു.
മലങ്കര സഭ തർക്കം പരിഹരിക്കാൻ നിയമ നിർമാണ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ഏകപക്ഷീയമായുണ്ടാകുന്ന കോടതി വിധികൾ പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന് യാക്കോബായ സഭ പ്രതികരിച്ചു. നിയമനിർമാണത്തിലൂടെ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കപ്പടുന്നതിനും അത് വഴി യാക്കോബായ വിശ്വാസികൾക്ക് നീതി ഉറപ്പാക്കുന്നതിനും സർക്കാർ തയാറാകുമെന്നാണ് സഭയുടെ പ്രതീക്ഷയെന്ന് യാക്കോബായ സഭ വക്താവ് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.