ഒമ്പത് മാസമായി യുവതി അബോധാവസ്ഥയിൽ; പ്രസവ ചികിത്സയിലെ പിഴവെന്ന് ബന്ധുക്കൾ
text_fieldsമഞ്ചേരി: പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി കഴിഞ്ഞ ഒമ്പത് മാസമായി ദുരിതത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിനി പ്രമീളയാണ് (28) നരകയാതന അനുഭവിക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാപിഴവാണ് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
മഞ്ചേരി മെഡിക്കൽ േകാളജിൽ തന്നെ എട്ടുവർഷമായി കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു പ്രമീള. പ്രസവത്തിന് 2019 ഡിസംബർ 26ന് മഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റായി. പിറ്റേദിവസം യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. എന്നാൽ രാത്രി 12ന് പ്രമീളയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നും അനസ്തേഷ്യ നൽകുന്നതിന് ഒപ്പിട്ടുനൽകണമെന്നും ഡോക്ടർമാർ പറഞ്ഞതായി കുടുംബം പറഞ്ഞു. ഇതോടെ ഒപ്പിട്ടുനൽകി. എന്നാൽ അനസ്തേഷ്യയിലെ പിഴവ് മൂലം മകൾ ഗുരുതരാവസ്ഥയിലായതായി പിതാവ് പി. കൊറ്റൻ പറഞ്ഞു. 28ന് വൈകീട്ട് ഡോക്ടർമാർ തന്നെ ഇവരെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു.
മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ ആശുപത്രിയിൽ മാത്രമാണ് ഇതിനുള്ള ചികിത്സയുള്ളതെന്ന് ഡോക്ടർമാർ മറുപടി നൽകി. മൂന്ന് ദിവസം മാത്രം ചികിത്സിച്ചാൽ മതിയെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ഒരുമാസം ചികിത്സ നൽകിയെങ്കിലും പുരോഗതി ഉണ്ടായില്ല. ഇതിനിടെ ഇവരുടെ കൈകാലുകൾ പുറകിലേക്ക് ചുരുണ്ട് വളയുകയും കണ്ണിൻറെ ചലനശക്തി നഷ്ടപ്പെടുകയും ചെയ്തു. 12 ലക്ഷത്തോളം രൂപയാണ് ആശുപത്രിയിൽ ചെലവായത്. ചികിത്സ ചെലവ് താങ്ങാനാവാതെ വന്നതോടെ കുടുംബം ആശുപത്രിയിൽനിന്നും സ്വയം വിടുതൽ വാങ്ങുകയായിരുന്നു.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ഒരുമാസത്തോളം ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ഒമ്പത് മാസമായി ചലനമറ്റ് കിടക്കുകയാണ് യുവതി. പരസഹായമില്ലാതെ ഒന്നുതിരിഞ്ഞ് കിടക്കാൻ പോലും സാധിക്കില്ല. ഭക്ഷണവും വെള്ളവുമെല്ലാം ട്യൂബിലൂടെയാണ് നൽകുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. പ്രമീള ജന്മം നൽകിയ കുഞ്ഞ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ കുടുംബത്തോടൊപ്പം മുതുവല്ലൂരിലെ വീട്ടിൽ കഴിയുന്നുണ്ട്. നിലവിൽ കൊല്ലത്തുള്ള ആയുർവേദ ഡോക്ടറുടെ ചികിത്സയാണ് തേടുന്നത്. തുടർ ചികിത്സക്ക് 25 ലക്ഷം രൂപ അനുവദിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.