അണ്ടര്‍ വാല്വേഷന്; പണം അടയ്ക്കാത്തവരെ പിടികൂടാൻ പുതിയ നടപടി
text_fieldsതിരുവനന്തപുരം: രജിസ്ട്രേഷന് വകുപ്പിന്റെ അണ്ടര്‍ വാല്വേഷന് (സ്റ്റാമ്പ് ഡ്യൂട്ടി കുറവ്) നോട്ടീസിന് പണം അടയ്ക്കാത്തവരെ പിടികൂടാൻ പുതിയ നടപടി. ആധാരത്തില്‍ നടപടി വിവരം എഴുതാതെയോ പണം അടയ്ക്കാതെയോ അണ്ടര്‍ വാല്വേഷന് നടപടികളില്‍ ഉള്‍പ്പെടുത്തിയ ഭൂമി കൈമാറ്റ രജിസ്ട്രേഷൻ നടക്കില്ല. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും അടച്ച് എത്തിക്കുന്ന ഇത്തരം ആധാരങ്ങള്‍ സബ് രജിസ്ട്രാർമാര്‍ മടക്കി അയച്ചുതുടങ്ങി.
ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും ചുമത്തി ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്തവരെയാണ് വകുപ്പ് വേട്ടയാടുന്നത്. 1986 ജനുവരി മുതല്‍ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് ആധാരങ്ങളാണ് അണ്ടര്‍വാല്വേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വില ആധാരങ്ങള്‍ക്ക് പുറമെ മക്കള്‍ക്ക് നല്കിയ ധനനിശ്ചയം, കുടുംബത്തിലുള്ളവരുടെ കൈമാറ്റ ആധാരങ്ങള്‍ ഉള്‍പ്പെടെയാണ് രജിസ്ട്രേഷന് വകുപ്പിന്റെ മുദ്രവില കുറവിന്റെ കുരുക്കിലായത്.മാര്‍ച്ച് 31വരെ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പണം അടയ്ക്കാത്തവരെ റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെടുത്താനായിരുന്നു ആദ്യ പദ്ധതി.
എന്നാല്‍ അണ്ടര്വാല്വേഷന്റെ റവന്യൂ റിക്കവറി സങ്കീര്ണമായേക്കുമെന്നതിനാല് ഭൂമിയുടെ ബാധ്യതയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
ഭൂമിയുടെ ബാധ്യത സര്‍ട്ടിഫിക്കറ്റുകളില്‍ അണ്ടര്‍വാല്വേഷന്‍ കുടിശ്ശിക ഉള്‍പ്പെടുത്താനും നീക്കമുണ്ട്. കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ ആദ്യകാല ഉടമകള്‍ മുദ്രവില കുറവിന്റെ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ അതും ബാധ്യതയിൽപെടുത്തും. അണ്ടര്‍ വാല്വേഷന് നടപടികളില്‍ ഉള്‍പ്പെട്ട ഭൂമി കൈമാറ്റം ചെയ്യുമ്പോഴുള്ള ആധാരത്തില്‍ അണ്ടര്‍ വാല്വേഷന് ബാധ്യത ഉണ്ടെന്ന് പ്രതിപാദിക്കണമെന്നും അല്ലാതെയുള്ള കൈമാറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
അണ്ടര്‍ വാല്വേഷന് നോട്ടീസ് പോലും ലഭിക്കാത്ത നിരവധി ഭൂവുടമകള്‍ ഇത്തരം കുരുക്കിൽപെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ ഭൂമി കൈമാറ്റം ചെയ്യുമ്പോഴോ ബാങ്കുകളെ വായ്പക്ക് സമീപിക്കുമ്പോഴോ ആണ് മുദ്രവില കുറവ് നടപടി അറിയുന്നത്.
അണ്ടര്‍വാല്വേഷന്‍ നോട്ടീസ് അയക്കുന്നത് സ്ഥലം കാണാതെ
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫിസുകളില്‍ കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത് റവന്യൂ ഡിവിഷനല്‍ ഓഫിസർമാരും കെട്ടിടങ്ങള്‍ക്ക് വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അംഗീകൃത എൻജിനീയർമാരുമാണ്. ഭൂമിക്കും കെട്ടിടത്തിനും വില നിശ്ചയിക്കുന്നത് സ്ഥലപരിശോധന നടത്തിയശേഷമാണ്. എന്നാല്‍ ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്തശേഷം വില കുറഞ്ഞുപോയെന്ന് കാട്ടി അണ്ടര്‍വാല്വേഷന്‍ നോട്ടീസ് അയക്കുന്നത് സബ് രജിസ്ട്രാർമാരാണ്. ഇവരാകട്ടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്ത സ്ഥലമോ അതിന്റെ ചിത്രമോ പോലും കാണാതെയാണ് വസ്തുവിനും കെട്ടിടത്തിനും വിലകുറഞ്ഞുപോയെന്ന് കണ്ടെത്തുന്നതും നടപടിയെടുക്കുന്നതും. ക്രമക്കേട് തടയാൻ രജിസ്ട്രേഷന് ജോയന്റ് ഐ.ജി ചെയര്‍മാനായി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ട് നാളേറെയായി. ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.