ഖുർആൻ, ഈത്തപ്പഴം എന്നിവ കൊണ്ടുവന്നതിന് മറവിൽ നികുതി വെട്ടിപ്പ്? പ്രത്യേക അന്വേഷണത്തിന് നീക്കം, ജലീലിനെ ചോദ്യം ചെയ്യും
text_fieldsകൊച്ചി: യു.എ.ഇ കോൺസുേലറ്റിെൻറ നയതന്ത്ര ചാനൽവഴി കൊണ്ടുവന്ന വസ്തുവകകളെക്കുറിച്ച് കസ്റ്റംസ് പ്രത്യേക അന്വേഷണത്തിന് ഒരുങ്ങുന്നു. സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ മതഗ്രന്ഥവും ഈത്തപ്പഴവും നയതന്ത്ര ചാനൽവഴി കൊണ്ടുവന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നികുതി വെട്ടിപ്പ് നടത്തി മറ്റെന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മറ്റൊരു കേസായി അന്വേഷണത്തിന് തയാറെടുക്കുന്നത്.
കോൺസുലേറ്റിലേക്ക് എത്തിയ മതഗ്രന്ഥം മന്ത്രി കെ.ടി. ജലീൽ സ്വീകരിച്ചത് കസ്റ്റംസ് ആക്ട് പ്രകാരം കുറ്റമല്ല. ഇത് പ്രോട്ടോകോൾ ലംഘനം മാത്രമായതിനാൽ കസ്റ്റംസിന് ഇക്കാര്യം അന്വേഷിക്കാൻ കഴിയില്ല. അതേസമയം, സ്വർണമോ വിലപിടിപ്പുള്ള വസ്തുവകകളോ സമാന രീതിയിൽ കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
കോൺസുലേറ്റിെൻറ പേരിലെത്തിയ പാർസലിൽനിന്ന് 6758 മതഗ്രന്ഥങ്ങൾ കാണാതായതോടെയാണ് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചത്. രേഖകൾ പ്രകാരം 250 പാക്കറ്റുകളിലായി 4479 കിലോ എത്തിയതായാണ് കണക്ക്.
ഇതനുസരിച്ച് മൊത്തം 7750 മതഗ്രന്ഥങ്ങൾ കാണണം. എന്നാൽ, 992 എണ്ണം മാത്രമാണ് പല സ്ഥലങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ബാക്കി എവിടെ എന്നത് അജ്ഞാതമാണെന്നതിനാൽ ഇതിെൻറ മറവിൽ സ്വർണമോ മറ്റോ നിയമവിരുദ്ധമായി കടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
പണമാക്കി മാറ്റാൻ കഴിയുന്ന മറ്റെന്തെങ്കിലും കടത്തിയതായി തെളിഞ്ഞാൽ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്യും. ഇ.ഡിയും എൻ.ഐ.എയും ശേഖരിച്ച മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും മന്ത്രിയിൽനിന്ന് മൊഴിയെടുക്കുക. മൊഴിയെടുക്കലിനു മുമ്പായി നിയമോപദേശം തേടിയ കസ്റ്റംസ് കൂടുതൽ പേരെ ചോദ്യം ചെയ്യാനും പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.