കാസർകോട് തളങ്കരയിൽ ഭൂഗർഭ നീരൊഴുക്ക് തടസ്സപ്പെട്ടു; പ്രകമ്പന ഭീതിയിൽ നാട്ടുകാർ
text_fieldsകാസർകോട്: നഗരസഭ പരിധിയിൽ പാർപ്പിട നിബിഡമായ തളങ്കരയിൽ ഭൂഗർഭ നീരൊഴുക്ക് തടസ്സപ്പെട്ടു. ഇതിന്റെ പ്രകമ്പനം യന്ത്രം പ്രവർത്തിക്കുന്ന ശബ്ദമായി പുറത്തു വരുന്നു. അറബിക്കടലും ചന്ദ്രഗിരി പുഴയും അതിരിടുന്ന ഈ നഗര ഗ്രാമത്തിൽ ശനിയാഴ്ചയാണ് പ്രതിഭാസം അനുഭവപ്പെട്ടു തുടങ്ങിയത്. ഭൂഗർഭ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് കാരണം എന്നാണ്
കാസർകോട് അസി. ജിയോളജിസ്റ്റ് അമൃതയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘത്തിന്റെ പ്രാഥമിക നിഗമനം. തുടർ വിദഗ്ധ പരിശോധന തിങ്കളാഴ്ച തന്നെ നടക്കും.
തളങ്കര കടവത്ത് ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്‌ദം ഉണ്ടാവുകയും കിണറുകളിൽ വെള്ളം പൊടുന്നനെ ഉയരുകയുമാണ് ചെയ്യുന്നത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതാണ് കാരണം. കിണറുകളിലേക്ക് പുഴയിൽ നിന്നുള്ള വെള്ളം എത്താറുണ്ടെങ്കിലും പരിശോധനയിൽ നേരിയ ഉപ്പ് രസം കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസ്വാഭാവികമാണ്. വെള്ളത്തിന്റെ തിരിച്ചൊഴുക്ക് എവിടെയാണ് തടസ്സപ്പെട്ടതെന്ന് കണ്ടെത്തണം.
കൂടുതൽ പരിശോധനക്കായി ജിയോളജിസ്റ്റ് വിജയയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘവും കുടുബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ ഇടപെടാൻ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും സ്ഥലത്ത് എത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ശനിയാഴ്ച രാത്രി മുതൽ നൗഫല്‍ എന്നയാളുടെ പറമ്പില്‍ ഭൂമിക്കടിയിൽ നിന്നാണ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. നാസര്‍ എന്നയാളുടെ വീട്ടിലെ കിണറിലും തൊട്ടടുത്ത മറ്റൊരാളുടെ കിണറിലുമാണ് വെള്ളം ഉയര്‍ന്ന് പൊങ്ങിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് തളങ്കര സ്വദേശിയായ കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീറും കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നാട്ടുകാരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.