ഗുരുതര പ്രത്യാഘാതം മനസ്സിലാക്കണം; സമരം ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി റെയിൽവേ
text_fieldsകോഴിക്കോട്: ആവശ്യമായ വിശ്രമസമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി റെയിൽവേ. സമരം യാത്ര, ചരക്ക് സർവിസുകളെ ബധിക്കുമെന്നും അതിന്റെ ഗുരുതര പ്രത്യാഘാതം ജീവനക്കാർ തിരിച്ചറിയണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന ലോക്കോ പൈലറ്റുമാരെ അഭിസംബോധന ചെയ്ത് കൊണ്ട് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുന്ന റെയിൽവേ, ജീവനക്കാർക്കു നൽകുന്ന മുന്നറിയിപ്പാണിതെന്നാണ് വിലയിരുത്തൽ.
വിരമിച്ച ലോക്കോ പൈലറ്റുമാരാണ് സമരത്തിന് പിന്നിലെന്നും പാലക്കാട് ഡിവിഷൻ ഇറക്കിയ വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. റെയിൽവേയിലെ വർക്കിങ് റൂളുകൾ കൃത്യമായി അറിയാത്ത ലോക്കോ പൈലറ്റുമാരാണ് സമരം നടത്തുന്നത്. സമരം സുഗമമായ ട്രെയിൻ സർവിസിന് തടസ്സമാവുന്നുണ്ട്. സമരം തുടങ്ങിയതിന് ശേഷം 46 ഗുഡ്സ് ട്രെയിനുകളാണ് പാലക്കാട് ഡിവിഷനിൽ നിന്ന് മുടങ്ങിയത്.
ഇത് കേരളത്തിലെ അവശ്യസാധനങ്ങളുടെ നീക്കുപോക്കിനെ ഗുരുതരമായി ബാധിക്കും. സമരത്തെ ഇല്ലാതാക്കാൻ റെയിൽവേ പാസഞ്ചർ ട്രെയിനുകൾ മനപ്പൂർവം വൈകിപ്പിക്കുന്നു എന്ന ആരോപണം റെയിൽവേ തള്ളി. ദക്ഷിണ റെയിൽവേയിലെ ലോക്കോ പൈലറ്റുമാർ ഈ മാസം ഒന്നുമുതലാണ് സമരം ആരംഭിച്ചത്. സസ്പെൻഷൻ, സ്ഥലംമാറ്റം അടക്കമുള്ള കർശന നടപടിയുമായാണ് റെയിൽവേ സമരത്തെ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.