സ്വര്‍ണം പൊട്ടിക്കലും അധോലോക അഴിഞ്ഞാട്ടങ്ങളും ചെങ്കൊടിക്ക് ചേർന്നതല്ല; അധോലോക സംസ്‌കാരം വളരാൻ പാടില്ലെന്ന നിലപാട് സി.പി.എമ്മിനും വേണം -ബിനോയ് വിശ്വം
text_fieldsന്യൂഡല്‍ഹി: സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങൾ ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെങ്കൊടിത്തണലില്‍ അധോലോക സംസ്‌കാരം വളരാന്‍ പാടില്ലെന്ന നിലപാട് സി.പി.ഐക്കുണ്ടെന്നും സി.പി.എമ്മിനും ആ നിലപാട് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്‍റെ പരാമർശമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന കാര്യമാണ് താന്‍ പറഞ്ഞത്. എൽ.ഡി.എഫ് ശക്തിപ്പെട്ടേതീരൂ. എൽ.ഡി.എഫിനുമേല്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് മുന്നോട്ടുപോയെ പറ്റൂ. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടി ആവശ്യമായ തിരുത്തലുകള്‍ക്ക് വേണ്ടി സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുന്ന വേളയില്‍ ശരിയായ കാഴ്ചപ്പാടാണ് പറഞ്ഞത്. അതിനപ്പുറം വ്യാഖ്യാനം വേണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
സി.പി.ഐയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി ഫോറത്തിലാണ്. സ്വര്‍ണം പൊട്ടിക്കൽ കഥകളും അധോലോക അഴിഞ്ഞാട്ടങ്ങളും ചെങ്കൊടിക്ക് ചേർന്നതല്ല. കരുവള്ളൂരിലും ഒഞ്ചിയത്തും അടക്കം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോധ്യം. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ല. തന്റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ല. ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.