അതിദരിദ്രരുടെ കരട് പട്ടികയിൽ അനർഹർ ഏറെ: ഉപസമിതി പരിശോധിക്കാൻ ഉത്തരവ്, അതിദാരിദ്ര്യ സർവേ 94 ശതമാനം പൂർത്തിയായി
text_fieldsതൃശൂർ: തദ്ദേശ സ്ഥാപനതലത്തിൽ തയാറായ അതിദരിദ്രരുടെ കരട് പട്ടികയിൽ അനർഹർ ഏറെ. തദ്ദേശതലത്തിലെ കരട് പട്ടികയുടെ 20 ശതമാനത്തെ 'സൂപ്പർ ചെക്ക്' എന്ന സാമ്പിൾ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. സൂപ്പർ ചെക്കിങ് നടത്തിയ 10 ശതമാനം സാമ്പിളുകളിൽ കൂടുതൽ അനർഹരെ കണ്ടെത്തിയാൽ അതിദരിദ്രരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ രൂപവത്കരിക്കപ്പെട്ട ഉപസമിതി വീണ്ടും പരിശോധിച്ച് കൃത്യത ഉറപ്പാക്കാൻ സ്റ്റേറ്റ് നോഡൽ ഓഫിസർ ഉത്തരവിട്ടു.
സംസ്ഥാനത്ത് അതിദാരിദ്ര്യ സർവേ 94 ശതമാനം പൂർത്തിയായി. തൃശൂർ, കോട്ടയം ജില്ലകളിൽ സൂപ്പർ ചെക്കും പൂർത്തിയായി. ഇനി ഗ്രാമ-വാർഡുതല സമിതികളുടെ അംഗീകാരമേ ബാക്കിയുള്ളൂ. കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ സർവേ പൂർത്തിയാക്കി സൂപ്പർ ചെക്കിങ് ഘട്ടത്തിലാണ്. കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകളിൽ സർവേ 90 ശതമാനം കടന്നു. തിരുവനന്തപുരമാണ് പിന്നിൽ; 76 ശതമാനം.
പട്ടിക ഈ മാസം അവസാനത്തോടെ തയ്യാറാകുമെന്നാണ് അധികൃതർ പറയുന്നത്. കോവിഡ് സർവേയെ ബാധിച്ചിട്ടുണ്ട്. വാർഡുതല ജനകീയ സമിതിയുടെയും കുടുംബശ്രീ ഫോക്കസ് ഗ്രൂപ്പിന്റെയും ചർച്ചക്കുശേഷമാണ് കരട് പട്ടികയുണ്ടാക്കിയത്. സൂപ്പർ ചെക്കിങ് പൂർത്തിയായാൽ പട്ടിക ഏഴുദിവസം പഞ്ചായത്ത് ഓഫിസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. പിന്നീടിത് ഗ്രാമസഭയിൽ അവതരിപ്പിക്കും. അതിനുശേഷമേ ഗുണഭോക്തൃ പട്ടികക്ക് അന്തിമ രൂപമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.