കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർഥി സംഘടന പ്രവർത്തനങ്ങളാണ് നടക്കുന്നത് -വെള്ളാപ്പള്ളി
text_fieldsചേർത്തല: എസ്.എഫ്.ഐക്കെതിരെ പരോക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ കോളജുകളിലും ഹിന്ദു മാനേജ്മെന്റിന്റെ കോളജുകളിലും അച്ചടക്കമില്ലാത്ത വിദ്യാർഥി സംഘടന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം സ്ഥാപനങ്ങളിൽ എന്തുമാകാം എന്ന അവസ്ഥയാണ്. ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള കോളജുകളിൽ മികച്ച അച്ചടക്കമാണ് മുഖമുദ്ര. ഇവിടുത്തെ വിദ്യാർഥികൾ പഠിച്ച് ഉന്നതനിലയിൽ എത്തുമ്പോൾ നമ്മുടെ കുട്ടികൾ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലാണ്.
ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വേണ്ടത്ര ഫലപ്രദമല്ല. വാർത്തകളിലും നോട്ടീസ് വിതരണത്തിലും ഒതുങ്ങാതെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. വിശ്വാസത്തിന്റെ പേരിൽ സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇതിന്റെ പേരിൽ പല അനാചാരങ്ങളും തിരിച്ചുവരുകയാണ്. ആചാരങ്ങൾ നടക്കട്ടെയെന്നും അനാചരങ്ങളെ തൂത്തെറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമിതി ട്രഷറർ അഡ്വ. കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രാമഭദ്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.