തൊഴിലില്ലായ്മ വേതന വെട്ടിപ്പ് : നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിന തടവും പിഴയും
text_fieldsതിരുവനന്തപുരം: തൊഴിലില്ലായ്മ വേതനത്തിൽ 15,45,320 രൂപ വെട്ടിപ്പ് നടത്തിയ തിരുവനന്തപുരം നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 12 വർഷം കഠിന തടവും പിഴയും. 2005-2006 കാലഘട്ടത്തിൽ തിരുവനന്തപുരം നഗരസഭയിലെ തൊഴിലില്ലായ്മ വേതന വിതരണത്തിൽ ക്രമക്കേട് നടത്തിയ അക്കൗണ്ട്സ് വിഭാഗം ക്ലാർക്കായ പി.എൽ. ജീവനെയും, ഹെൽത്ത് വിഭാഗം ക്ലാർക്കായ സദാശിവൻ നായരെയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.
രണ്ട് പേരെയും വിവിധ വകുപ്പുകളിലായിട്ടാണ് ആകെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ ജീവനോട് 6,35,000 രൂപ പിഴ ഒടുക്കുന്നതിനും, രണ്ടാം പ്രതിയായ സദാശിവൻ നായരോട് 6,45,000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ആവശ്യപ്പെട്ടു. രണ്ട് പ്രതികളെയും റിമാന്റ് ചെയ്ത് ജയിലിലടച്ചു.
അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് സർക്കാർ നൽകുന്ന ധനസഹായമായ തൊഴിലില്ലായ്മ വേതന വിതരണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ 2005-2006 സാമ്പത്തിക വർഷത്തിലാണ് ഇവർ ക്രമക്കേട് നടത്തിയത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് നടത്തിയ പരിശോധനവയിൽ 15,45,320 രൂപ വെട്ടിച്ചുവെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിലാണ് രണ്ട ഉദ്യോഗസ്ഥരെ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.